Oct 28, 2009

അലക്സാന്‍ഡ്രിയന്‍ പോസ്റ്റ് VI: മമ്മികള്‍ക്കൊപ്പം

"ബിസി 1303ല്‍ ജനിച്ച രാമെസെസിനെ പിതാവ് സേത്തി ഒന്നാമന്‍ പതിനാലാം വയസില്‍ പ്രിന്‍സ് റീജന്റായി നിയമിച്ചു. തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ രാമെസെസ് രാജാവായെന്നും ബിസി 1279 മുതല്‍ 1213 വരെയുള്ള 66 വര്‍ഷങ്ങള്‍ ഈജിപ്റ്റ് ഭരിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ ശരീരം 'രാജാക്കന്മാരുടെ താഴ്വര'യില്‍ അടക്കം ചെയ്യപ്പെട്ടെങ്കിലും, പിന്നീട് (കെയ്റോ മ്യൂസിയത്തിലെ) റോയല്‍ മമ്മി റൂമിലേക്കു മാറ്റി. തന്റെ അവസാന കാലത്ത് രജാവ് കടുത്ത രക്തവാത രോഗിയായിരുന്നു. കൂടെ കൂനുമുണ്ടായിരുന്നു. പിന്‍ഗാമികള്‍ക്കിടയില്‍ അദ്ദേഹമറിയപ്പെട്ടിരുന്നത് 'മഹാനായ പൂര്‍വികന്‍' എന്നായിരുന്നു."

തന്നെ കടന്നു പോകുന്ന നിരവധി മുഖങ്ങളെയൊന്നും ശ്രദ്ധിക്കാതെ സ്വന്തമായൊരു ലോകത്തില്‍ പൂര്‍ണമായും മുഴുകി കിടക്കുന്ന ഒരു വൃദ്ധനാണെന്നു തോന്നും, രാജാവിന്റെ മമ്മി കണ്ടാല്‍. മഞ്ഞത്തലമുടിയും, ഇനിയും ഉലയാതിരിക്കുന്ന മുഖത്തെ തൊലിയും കണ്ടാല്‍ ആ ശരീരത്തില്‍ ചേതന ബാക്കിയുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല. ഞാനൊരു പക്ഷേ, ഈ മമ്മി തന്നെ ശ്രദ്ധിക്കാതെ കടന്നു പോകുമായിരുന്നു. സമീപത്തൊരു ഫലകത്തില്‍ എഴുതിയിരിക്കുന്ന വര്‍ഷങ്ങളുടെ കണക്കാണ് എന്നെയിവിടെ പിടിച്ചു നിര്‍ത്തിയത്. മുവായിരം വര്‍ഷങ്ങളിലൂടെ ഞാന്‍ ആ മുഖത്തേക്കു തന്നെ അല്പനേരം നോക്കി നിന്നു പോയി.

'റോയല്‍ മമ്മി' മുറിയില്‍ ബിസി 1650നും 940നുമിടയില്‍ ജീവിച്ചിരുന്ന 11 ഫറവോമാരുടേയും റാണിമാരുടേയും ശരീരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. രാജകീയ പരിവേഷങ്ങളൊന്നുമില്ലാതെ, യുദ്ധത്തിലേറ്റ മുറിവുകളും ക്രമം തെറ്റിയ പല്ലുകളുമായി തലമുറകളുടെ തുറിച്ചു നോട്ടവും കാത്ത് അവര്‍ കിടക്കുന്നു. വിശദീകരണാതീതമായ ശോകം ആ മുറിയില്‍ കുരുങ്ങിക്കിടക്കുന്നുണ്ടെന്നു തോന്നും. ആയിരക്കണക്കിന് തൊഴിലാളികളും, ശില്പികളും, മോഷകന്മാരുമെല്ലാം അവരുടെ ജീവിതം കൊണ്ട് ഈ രാജാക്കാന്മാര്‍ക്കായി കെട്ടിയുയര്‍ത്തിയ ശവകുടീരങ്ങളില്‍ നിന്ന് ഇവരെയല്ലാം പുറത്തെടുത്ത് ഈ ഇരുണ്ട മുറിയില്‍ സൂക്ഷിക്കുന്നതിന്റെ യുക്തിയെന്താണ്?

ട്രെയിന്‍ റ്റു കെയ്റൊ
എന്റെ
ചേട്ടന്‍ മാത്യുവിന്റെ സഹപാഠിയായിരുന്നു രാജേഷ്. കെമിക്കല്‍ എഞ്ചിനീറായ രാജേഷ് തൊഴില്‍ സംബന്ധിയായ കാര്യങ്ങളുമായി കഴിഞ്ഞ മൂന്നു മാസമായി അലക്സാന്‍ഡ്രിയയിലുണ്ട്. ഞാന്‍ അവിടെ വച്ചു കണ്ടു മുട്ടിയ ഒരേയൊരു മലയാളിയും അദ്ദേഹമായിരുന്നു. കെയ്റൊ മ്യൂസിയം സന്ദര്‍ശിച്ചില്ലെങ്കില്‍ അതൊരു വന്‍നഷ്ടമാകുമെന്ന് പറയുന്നത് രാജേഷാണ്. അലക്സാന്‍ഡ്രിയന്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും കെയ്റോയിലേക്ക് നേരിട്ട് ട്രെയിന്‍ കിട്ടും. ഒരു മണിക്കൂറിടവിട്ട് കെയ്റോയിലേക്ക് ട്രെയിനുണ്ടാവുമെന്ന് രാജേഷില്‍ നിന്നറിഞ്ഞു.

അങ്ങിനെ പിറ്റേന്ന് രാവിലെ (ആഗസ്റ്റ് 31, 2008) എട്ടു മണിക്കുള്ള ട്രെയിന്‍ പിടിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. രാവിലെ സമയത്തിനെഴുന്നേറ്റ് താമസസ്ഥലത്തു നിന്നും സ്റ്റേഷനിലേക്ക് റ്റാക്സി പിടിച്ചു. ഞാന്‍ വരുന്നത് ദില്ലിയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍, ഡ്രൈവര്‍ക്ക് അമിതാഭ് ബച്ചനെ പറ്റിയറിയണം. ബച്ചന്റെ വലിയ ആരാധകനാണ് കക്ഷി. അങ്ങിനെ ബോളിവുഡ് വര്‍ത്തമാനങ്ങളുടെ അകമ്പടിയോടെ ഞങ്ങള്‍ സ്റ്റേഷനിലെത്തി.
അലക്സാന്‍ഡ്രിയയില്‍ നിന്നും കെയ്റോയിലേക്ക് 225 കിലോമീറ്റര്‍ ദൂരമാണുള്ളത്. യത്രാമധ്യേ ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം ഈജിപ്തിലെ റയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇന്ത്യയിലെ സ്റ്റേഷനുകളുമായുള്ള സാമ്യമാണ്. തീവണ്ടിയാപ്പീസുകളും ട്രാക്കും കണ്ടാല്‍ സഞ്ചരിക്കുന്നത് ഇന്ത്യയിലൂടെയാണോ എന്നു പോലും തോന്നി പോകും. ഇനി റയില്‍വേ മസ്ദൂര്‍ യൂനിയന്റെ മുദ്രാവാക്യങ്ങളളുള്ള പോസ്റ്ററുകള്‍ കൂടി കണ്ടാല്‍ മതി! ഒരു കാലത്ത് അലക്സാന്‍ഡ്രിയയിലെ കോട്ടന്‍ വ്യവസായത്തിന്റെ ജീവനാഡികളായിരുന്നു ഈ റയില്‍ ലൈന്‍. നഗരത്തിലെ പഴകിയ, ചാരനിറമുള്ള ചില കെട്ടിടങ്ങളില്‍ കോട്ടന്‍ ഫാക്റ്ററികളുടെ പൊടി പിടിച്ച സൈന്‍ ബോര്‍ഡുകള്‍ ഇപ്പോഴും കാണാം.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഒരു പോലെ കാണപ്പെടുന്ന ചുരുക്കം കാര്യങ്ങളിലൊന്നാണ് റെയില്‍ സ്റ്റേഷനുകള്‍. ട്രാക്കുകള്‍ കണ്ടാല്‍ ക്രമം പാളിപ്പോയ ഒരു വലിയ ജിഗ്സോ പസ്സ്ലാണെന്നു തോന്നും. ഈജിപ്തിലും ഏറെക്കുറെ സമാനമാണ് കാര്യങ്ങള്‍. ഇവിടെ നിന്ന് ഒരു ട്രെയിന്‍ പിടിച്ച് നേരെ ഒരിന്ത്യന്‍ നഗരത്തില്‍ പോയിറങ്ങാമെന്നു തോന്നും. നൈല്‍ നദിയുടെ കൈവഴികളും, നദിയില്‍ നിന്നുള്ള കനാലുകളും അലക്സാന്‍ഡ്രിയയില്‍ നിന്നും കെയ്റോയിലേക്കുള്ള ദൂരത്തെ പച്ചപ്പില്‍ പൊതിഞ്ഞു നിര്‍ത്തിയിരിക്കുന്നു. ചിലയിടങ്ങളില്‍ പച്ചക്കറി തോട്ടങ്ങളും ധാന്യ വയലുകളും കാണാം.
കെയ്റോ നഗരം ഞാന്‍ പ്രതീക്ഷിച്ചതിലും സുന്ദരമായിരുന്നു. അറബ് ലോകത്തെ ഏറ്റവും വലിയ നഗരമാണ് കെയ്റോയെന്ന് കേട്ടിട്ടുണ്ട്. ഇസ്ലാമിക് വാസ്തുവിദ്യക്കും, വിനോദ വ്യവസായത്തിനും കേള്വി കേട്ട, 'ആയിരം മിനാരങ്ങളു'ടെ നഗരം. എല്ലാ തരത്തിലും പെട്ട മനുഷ്യരെ നഗരവീഥിയില്‍ നമുക്കു കാണാം. ദില്ലിയെ പോലെ ദരിദ്രരെ നഗരത്തിന്റെ അരികുകളില്‍ തളച്ചിടുന്ന സ്വഭാവം കെയ്റോക്കില്ലെന്നു തോന്നുന്നു. നഗരവും അതിന്റെ ചുറ്റുപാടുകളും തമ്മിലുള്ള വ്യത്യാസവും ദില്ലിയുടെയത്രയും കടുത്തതല്ല.

മ്യൂസിയത്തില്‍
മിഡാന്‍ റാംസെസ് റയില്‍വേ സ്റ്റേഷനില്‍ നിന്നും കെയ്റോ മെട്റോയില്‍ കയറിയാല്‍ നേരെ മിഡാന്‍ താഹിറില്‍ പോയിറങ്ങാം. 1902 മുതല്‍ ഇവിടെയാണ് മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ ആന്റിക്വിറ്റിസ് അഥവ കെയ്റോ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 'ഓള്‍ഡ് കിംഗ്ഡം' മുതല്‍ റോമന്‍ സാമ്രാജ്യം വരെയുള്ള കാലത്തെ പ്രതിനിധീകരിക്കുന്ന ഒരു ലക്ഷത്തിലധികം വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ശേഖരം അത്ര വലുതായതിനാല്‍, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള പല വസ്തുക്കളും കൃത്യമായ ലേബലുകള്‍ പോലുമില്ലാതെ മ്യൂസിയത്തില്‍ പലയിടത്തയി കൂട്ടിയിട്ടിരിക്കുന്നത് കാണാം.
അവിടെ കണ്ടതിനെ കുറിച്ചെല്ലാം എഴുതാന്‍ തുടങ്ങിയാല്‍ ഞാന്‍ എവിടെയുമെത്തില്ല. മ്യൂസിയത്തിന്റെ മഹത്വം മനസിലാക്കാന്‍ അവിടെ ചിലവഴിച്ച അഞ്ചു മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്തു മുഴുവന്‍ മൃഗങ്ങളുടെ മമ്മികളായിരുന്നു. വണ്ടുകള്‍ മുതല്‍ പശുക്കള്‍ വരെ ഈ കൂട്ടത്തിലുള്‍പ്പെടും. വണ്ടുകളെ കണ്ടപ്പോള്‍, 'മമ്മി റിട്ടേണ്‍സി'ലെ മാംസഭോജികളായ ഭീകര വണ്ടുകള്‍ ഒരു നിമിഷത്തേക്ക് എന്റെ ഭവനയിലേക്ക് പറന്നെത്തി. ടുട്ടെന്‍ഖാമുന്‍ ഫറവോയുടെ ശവകുടീരത്തില്‍ നിന്നാണ് ഏറ്റവും വില പിടിപ്പുള്ള വസ്തുക്കള്‍ കിട്ടിയത്. സ്വര്‍ണ മഞ്ചങ്ങള്‍, രത്നാലംകൃതമായ കിടക്കകള്‍, ആനക്കൊമ്പില്‍ തീര്‍ത്ത കൈചെയിന്‍ എന്നിങ്ങനെ ശവകുടീരത്തില്‍ നിന്നു കിട്ടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ തന്നെ മ്യൂസിയത്തിലെ നല്ലൊരു സ്ഥലം വേണം. ടുട്ടെന്‍ഖാമുന്റെ ഭരണകാലം സംഘര്‍ഷങ്ങളുടേതായിരുന്നുവെന്ന് ചരിത്ര പണ്ഡിതര്‍ പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തില്‍ വലിയൊരു ഭരണമാറ്റവുമുണ്ടായി. ചിലരുടെ അഭിപ്രായത്തില്‍, പഴയ ഭരണകൂടത്തിന്റെ വിലപിടിച്ച ശേഖരങ്ങളെല്ലാം യുവാവായ ഫറവോയോടൊപ്പം പുതിയ അധികാരികള്‍ കുഴിച്ചു മൂടുകയായിരുന്നു. ഇത് പിന്നീട് മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു. അതൊക്കെ കണ്ട് കണ്ണഞ്ചി നില്‍ക്കുമ്പോള്‍ മ്യൂസിയം അടയ്ക്കാനുള്ള സമയമായെന്ന് അറിയിപ്പുണ്ടായി. മനസില്ലാമനസോടെ നൂറ്റാണ്ടുകളുടെ ഭാരവുമായാണ് ഞാന്‍ അവിടെ നിന്നുമിറങ്ങിയത്.

റെയ്ചല്‍ വര്‍ഗീസ് ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.