ഞങ്ങള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലൊന്ന് മഗ്നെറ്റോമീറ്ററായിരുന്നു. കുഴിക്കാതെ തന്നെ മണ്ണിനടിയില്‍ എന്തെങ്കിലും രീതിയിലുള്ള കെട്ടിടാവശിഷ്ടങ്ങളുണ്ടോ എന്ന് പറയുന്ന ഉപകരണമാണ് മഗ്നെറ്റോമീറ്റര്‍. എന്നാല്‍ അതുപയോഗിക്കുന്നവരുടെ ശരീരത്തില്‍ ലോഹത്തിന്റെ ഒരംശം പോലും പാടില്ല. അതായത് ഒന്നിലധികം പല്ലുകളില്‍ മെറ്റല്‍ നിറച്ചിരിക്കുന്ന എനിക്ക് ഇതൊരിക്കലും ഉപയോഗിക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. അക്കഡമിക്സിനു വേണ്ടി ആഭരണങ്ങളൊക്ക അഴിച്ചു വയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ, പല്ലു വേണ്ടെന്നു വയ്ക്കാന്‍ കഴിയുമോ?
ഞങ്ങള്‍ സര്‍വേ നടത്തുന്ന ഭൂരിഭാഗം ഭൂമിയും നിയമപരമായി സര്‍ക്കാര്‍ അധീനത്തിലുള്ളതാണ്. എന്നാല്‍ ഇവിടെ കാലങ്ങളായി ജീവിച്ചു വരുന്ന ബദോവിനുകള്‍ പറയുന്നത് ഭൂമി അവര്‍ക്കവകാശപ്പെട്ടതാണെന്നാണ്. പ്രധാനമായും മരുഭൂമിയില്‍ താമസിക്കുന്ന അറബ് ഗോത്രമാണ് ബെദോവിനുകള്‍. പണ്ട് നൊമാഡുകളായിരുന്ന ഇക്കൂട്ടര്‍ 1960കളോടെയാണ് ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങുന്നത്. ഈജിപ്റ്റിനു പുറമേ സിറിയയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ബദോവിനുകളെ കാണാം. കാലി വളര്‍ത്തലാണ് പരമ്പരാഗതമായി ഇവരുടെ തൊഴിലെങ്കിലും, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ബദോവിനുകള്‍ അതുപേക്ഷിച്ച് ആധുനിക തൊഴില്‍ സംസ്കാരത്തിലേക്കു കടന്നു കഴിഞ്ഞു. എന്നാല്‍ അലക്സാന്‍ഡ്രിയയിലും സൈനായിലും സ്ഥിരതാമസമാക്കിയ ബദോവിനുകള്‍ ഇപ്പോഴും വലിയ തോതില്‍ പരമ്പരാഗത തൊഴിലിനെ തന്നെ ആശ്രയിക്കുന്നു. ഇവരെ സംബന്ധിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷയം.
യഥാര്‍ത്ഥ രേഖകള്‍ കയ്യിലില്ലെങ്കിലും അലക്സാന്‍ഡ്രിയയിലെ ബദോവിനുകള്‍ ഭൂമി കൈമാറ്റം നടത്തുന്നുണ്ട്. കുടിയൊഴിപ്പിക്കല്‍ എന്ന ഭരണകൂട വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങുന്നതു കൊണ്ടാവാം, പുതിയ തലമുറയിലെ പലരും പിന്തുടര്‍ച്ചയായി കിട്ടിയ ഭൂമി കിട്ടിയ വിലയ്ക്ക് കച്ചവട സ്ഥാപനങ്ങള്‍ക്കോ, നിര്‍മാണ കമ്പനികള്‍ക്കോ വില്‍ക്കുന്നു. ഭൂമി മുഴുവനും ബുള്‍ഡോസറുമായി വന്ന് നിരപ്പാക്കുന്ന ഇക്കൂട്ടരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഇവിടുത്തെ അവശേഷിക്കുന്ന പുരാവസ്തുക്കള്‍ പോലും നാമാവശേഷമാകും. ഗവേഷകര്‍ എന്തെങ്കിലും കാര്യമായി കണ്ടെത്തിയാല്‍ അവര്‍ക്കു പുറമേ സര്‍ക്കാര്‍ വരുമെന്നു തദ്ദേശീയര്‍ക്കറിയാം. അതു പിന്നെ കുടിയൊഴിപ്പിക്കലിലേക്കും, സ്ഥലമേറ്റെടുക്കലിലേക്കുമൊക്കെ കടക്കും. അതുകൊണ്ടാണ്, ഞങ്ങളെ പോലുള്ളവരെ ഇവരെപ്പോഴും സംശയത്തോടെ നോക്കുന്നത്. എന്നാല്‍ ഭൂമിയിന്മേലുള്ള ഇവരുടെ അവകാശ വാദം പൊള്ളയാണെന്ന് ഞങ്ങളോടൊപ്പമുള്ള മിക്കവരും ഒരുപോലെ അഭിപ്രായപ്പെട്ടു. പുരാവസ്തുക്കള്‍ നശിപ്പിക്കുന്നതിന് തദ്ദേശീയര്‍ കൂട്ടു നില്‍ക്കുന്നു എന്നതിലാണ് സംഘാംഗങ്ങള്‍ക്ക് എതിര്‍പ്പ്.
എന്നാല്‍ തലമുറകളിലായി അവിടെ ജീവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്ന് നമുക്കു പറയാനൊക്കുമോ?
റെയ്ചല്‍ വര്‍ഗീസ്
ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.
