May 20, 2009

മന്‍മോഹനെ ഇനി ആരു നിയന്ത്രിക്കും?

മേയ് 16 ശനിയാഴ്ച പൊതുതെരഞ്ഞെടുപ്പു ഫലം പൂര്‍ണമായും പുറത്തു വരുന്നതിനു മുന്‍പു തന്നെ, ഇന്‍ഫോസിസ് റ്റെക്നോളജി കോ-ചെയര്‍മാനും ഇന്ത്യന്‍ മുതലാളിത്തത്തിന്റെ സുന്ദരമുഖങ്ങളിലൊന്നുമായ നന്ദന്‍ നിലെകാനി റ്റെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ജനവിധി സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അനുകൂലന്മാണെന്നു പറയുകയുണ്ടായി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം, ഊഹമുതലാളിത്തത്തിന്റെ നാഡീ ഞെരമ്പായ ഓഹരികമ്പോളത്തില്‍ സൂചികകള്‍ മാനം മുട്ടെ ഉയര്‍ന്നു. ബോംബെ 'ഷോക്ക്' എക്സ്ചേഞ്ച് സൂചിക തിങ്കളാഴ്ച 2,111 പോയിന്റിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഇതില്‍ നിന്നുള്ള സന്ദേശം വ്യക്തമാണ്. യുപിഎയുടെ വിജയത്തിന്റെ ചൂടാറും മുന്‍പു തന്നെ മുതലാളിത്തം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞിരിക്കുന്നു. 2004ല്‍ ഇതായിരുന്നില്ല സ്ഥിതി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിനു ദേശീയതലത്തില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ രഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുകയും, ഫാഷിസ്റ്റ്-നവലിബറല്‍ ഹിന്ദു തീവ്രവാദികള്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് മുതലാളിത്തം തന്നെയാണ്. ഇടതു പിന്തുണയോടെ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാവും എന്ന ഘട്ടം വന്നപ്പോള്‍ ഓഹരിക്കമ്പോളത്തില്‍ വന്‍ തകര്‍ച്ചയുണ്ടായത് ഓര്‍ക്കുക. ഇന്ത്യയുടെ നവലിബറല്‍ പരിഷ്കാരങ്ങളുടെ ശില്പിയായ മന്‍മോഹന്‍ സിംഗിനെ എത്രയും വേഗം ഭരണ കേന്ദ്രത്തിലേക്കു കൊണ്ടുവന്നാണ് ആ ഷോക്കില്‍ നിന്നും അവര്‍ കരകയറിയത്. ആ മന്‍മോഹന്‍ സിംഗിന്റെ കയ്യിലാണ് ഇപ്പോള്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും വന്നു ചേര്‍ന്നിരിക്കുന്നത്. മുതലാളിത്തത്തിന്റെ ആഹ്ലാദത്തിനു മറ്റെന്തെങ്കിലും കാരണം വേണോ?

ആരുടെ വിജയം?

നിലെകാനി പറയുന്നതു പോലെ ഇതു സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു അനുകൂലമായ ജനവിധിയാണോ? ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക് ലി അസിസ്റ്റന്റ് എഡിറ്റര്‍ ശ്രീനിവാസന്‍ രമണി ചൂണ്ടിക്കാണിക്കുന്നത് സാമ്പത്തിക പരിഷ്കാര വാദികള്‍ ഉയര്‍ത്തിക്കാണിക്കുന്ന നേട്ടങ്ങളുടേയോ കോര്‍പറേറ്റ് വികസനത്തിന്റേയോ കണക്കുമായല്ല കോണ്‍ഗ്രസ് പാര്‍ടി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നാണ്. മറിച്ച്, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് നയങ്ങളാണ് - ഏറെയും ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തോടെ നടപ്പിലാക്കിയവ - മുത്തശ്ശിപാര്‍ടി ഭരണനേട്ടങ്ങളായി സാമാന്യജനത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ആറു വര്‍ഷം നീണ്ട എന്‍ഡിഎയുടെ നവലിബറല്‍ നയങ്ങള്‍ മൂലം കൊടിയ ദാരിദ്ര്യത്തിലേക്കു തള്ളിനീക്കപ്പെട്ട കര്‍ഷകരും കര്‍ഷകതൊഴിലാളികളും, യുപിഎ സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസവും, ദേശീയ തൊഴിലുറപ്പു പദ്ധതിയുമെല്ലാം ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. ബിജെപി ഭരണകാലത്ത് വംശഹത്യക്കും കൊടിയ വിവേചനത്തിനും ഇരകളാക്കപ്പെട്ട മതന്യൂനപക്ഷങ്ങളാകട്ടെ, ഹിന്ദു തീവ്രവാദികള്‍ക്കു മറ്റൊരവസരം കൂടി നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കുന്നതാണ് ബുദ്ധിയെന്നുറപ്പിച്ചു. അതായത് സുസ്ഥിരമായ ഒരു ബിജെപിയിതര ക്ഷേമസര്‍ക്കാരിനു (Non-BJP welfare government) വേണ്ടിയുള്ള ജനവിധിയാണ് ഇതെന്ന് കാണാം.

ഇടതുപക്ഷം ഇന്ത്യയെ രക്ഷിച്ചോ?

തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ടികളുടെ പരാജയം ആരവങ്ങളോടെയാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ വരവേറ്റത്. തൊഴിലാളി വര്‍ഗത്തിനു നയപരമായ കാര്യങ്ങളില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും ശക്തമായ സ്വാധീനം ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം വലതു പക്ഷത്തിനു കേള്‍ക്കാന്‍ ഇമ്പമേകുന്ന വാര്‍ത്ത തന്നെയാണ്. പരാജയ കാരണങ്ങള്‍ ഇടതു പാര്‍ടികള്‍ ചര്‍ച്ച ചെയ്യേണ്ടതും നയങ്ങളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. എന്നാല്‍ ലോക് സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്ന കാരണത്താല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ ഇടതര്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ തള്ളികളയാന്‍ പറ്റുമോ?

ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ള വാഗ്ദാനമായിരുന്നെങ്കിലും പാര്‍ടി അതു ഗൗരവമായെടുത്തത് ഇടതുപക്ഷം അതു പ്രധാന ആവശ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയറ്റ് എഡിറ്റര്‍ സിദ്ദാര്‍ഥ് വരദരാജന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിലെ യാഥാസ്തിക വാദികളും മൊണ്ടെക് സിംഗ് അലുവാലിയയെ പോലുള്ള ഉദ്യോഗസ്ഥരും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് തുടക്കം മുതലേ സംശയാലുക്കളായിരുന്നു. പദ്ധതിക്കു വേണ്ടിയുള്ള കേന്ദ്രവിഹിതം പരമാവധി വെട്ടിക്കുറക്കാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടിച്ചു കുലുക്കിയപ്പോഴാണ് തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കുന്നതു തന്നെ!

അതുപോലെ, സാമ്പത്തിക മേഖല (financial sector) കൂടുതല്‍ ഉദാരവത്കരിക്കണമെന്ന മന്‍മോഹന്‍-ചിദംബരം അജന്‍ഡയെ ആദ്യ നാലുവര്‍ഷവും ചെറുത്തു നിന്നതാരാണ്? രൂപ മറ്റു കറന്‍സികളുമായി നിയന്ത്രണങ്ങളില്ലാതെ കൈമാറ്റം ചെയ്യാന്‍ അവസരമൊരുക്കിയാല്‍ (full capital convertibility) സര്‍വനാശം എന്നു മുന്നറിയിപ്പു നല്‍കിയതാരാണ്? ഇന്ത്യന്‍ തൊഴിലാളികളുടെ പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടുമെല്ലാം ചൂതാട്ടകമ്പോളത്തിലെ ലാഭക്കൊതിയന്മാര്‍ക്കു എറിഞ്ഞു കൊടുക്കാനുള്ളതല്ലെന്ന് വിളിച്ചു പറയാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരെങ്കിലുമുണ്ടായിരുന്നോ? ഇന്‍ഷുറന്‍സ് മേഖലയെ സ്വകാര്യ കുത്തകകള്‍‍ക്കു മുന്നില്‍ അടിയറവു വയ്ക്കുന്നതിനെ ചെറുത്തു തോല്പിച്ചതും ഇവിടുത്തെ സംഘടിത ഇടതുപക്ഷമാണ്. അഗോള സാമ്പത്തിക മാന്ദ്യവും പണ ഞെരുക്കവും (cash crunch) പടിഞ്ഞാറന്‍ സമ്പദ് രംഗത്തെ മുഴുവന്‍ കട പുഴക്കിയപ്പോഴും ഇന്ത്യ പിടിച്ചു നിന്നത് ഇവിടെ നിക്ഷേപ ബാങ്കിംഗ് (investment banking) ഭീകരന്മാരുടെ അഴിഞ്ഞാട്ടം അനുവദനീയമായിരുന്നില്ല എന്നതുകൊണ്ടല്ലെ? ഇവിടുത്തെ തൊഴിലാളികളുടെ നിക്ഷേപം മുഴുവന്‍ ഓഹരികമ്പോളത്തിലായിരുന്നെങ്കില്‍, എന്താകുമായിരുന്നു ഇപ്പോള്‍ അവരുടെ അവസ്ഥ?


അതായത് നയപരമായ പല കാര്യങ്ങളിലും ഇടതുപക്ഷം ഫലപ്രദമായി ഇടപെട്ടിരുന്നുവെന്നു കാണാം. ഇടതുപാര്‍ടികള്‍ ഇന്ത്യയെ വന്‍ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടുത്തിയെന്ന് ഔട്ട് ലുക്ക് പോലുള്ള ഒരു വലതുപക്ഷ മാസികക്കു പോലും എഴുതേണ്ടിവന്നുവെന്ന് ഓര്‍ക്കുക. മന്‍മോഹന്‍ സിംഗിനെ പോലുള്ള ഒരു കറ കളഞ്ഞ മുതലാളിത്ത വാദി നയിക്കുന്ന സര്‍ക്കാരിനു അല്ലാതെ എങ്ങിനെയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പ്രതിച്ഛായ ലഭിക്കുന്നത്? 1991-96 കാലയളവില്‍ ഇതേ മന്‍മോഹന്‍ സിംഗും കൂട്ടരും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊള്ള മുതലാളിത്തത്തിനു മുന്നില്‍ തുറന്നിട്ടതിനു ശേഷം കോണ്‍ഗ്രസിനു ഒരു ഒന്നര കാലിനെങ്കിലും നില്‍ക്കാന്‍ കഴിയുന്നത് രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷമാണ്.

ഇനിയെന്ത്?

അതാണ് കാതലായ ചോദ്യം. 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ലോകത്തല്ല നാം ഇപ്പോള്‍ ജീവിക്കുന്നത്. 2008 സെപ്റ്റംബറില്‍ അമേരിക്കയിലെ സാമ്പത്തിക ഗോപുരങ്ങള്‍ തകര്‍ന്നതിനു ശേഷം (fall of Wall Street financial companies) നവലിബറല്‍ നയങ്ങളുടെ യുക്തിയെ മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍ പോലും ചോദ്യം ചെയ്യുകയാണിപ്പോള്‍. ലോകം മുഴുവനുമുള്ള കമ്പോളവാദികള്‍ ഇന്നിപ്പോള്‍ ഭരണകൂട വാദികളായി മാറിക്കഴിഞ്ഞു. കര്‍ഷകരുടെ കടം എഴുതി തള്ളരുതെന്ന് വാദിച്ച കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഇന്ന് സാമ്പത്തിക മാന്ദ്യം മൂലം നഷ്ടത്തിലേക്കു കൂപ്പു കുത്തിയ ബഹുരാഷ്ട്ര കമ്പനികളെ ഭരണകൂടം രക്ഷപ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

അങ്ങിനെ സമ്പദ് രംഗം ഘടനാപരമായി മാറ്റിവരക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോ നിയന്ത്രണമോ ഇല്ലാത്ത ഒരു മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എങ്ങിനെയായിരിക്കും പ്രവര്‍ത്തിക്കുക? ആരോടായിരിക്കും ആ സര്‍ക്കാരിന്റെ കൂറ്‍? കോണ്‍ഗ്രസ് പാര്‍ടിക്കുള്ളിലെ യാഥാസ്തികര്‍ ഭരണത്തെ പൂര്‍ണമായും ഹൈജാക്ക് ചെയ്യുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

എംജെഎസ്