May 16, 2009

ഈയാംപാറ്റകളെ പോലെ ചത്തൊടുങ്ങുന്നവരെക്കുറിച്ച്...

1960കളില്‍, വടക്കന്‍ അയര്‍ലാന്‍ഡിലെ പ്രശ്നങ്ങള്‍ ലോകം അറിയുന്നതിനും മുമ്പ്, എത്രയോ ഡെറി നിവാസികള്‍ തങ്ങളുടെ ദുരിതങ്ങള്‍ പത്രറിപ്പോര്‍ട്ടര്‍മാരുമായി പങ്കു വച്ചിരുന്നു! അര്‍ധരാത്രിയില്‍ റിപ്പോര്‍ട്ടര്‍മാരെ വിളിച്ചെഴുന്നെല്പ്പിച്ചു തങ്ങള്‍ അനുഭവിക്കുന്ന അനീതിയുടെയും വിവേചനത്തിന്റേയും എത്ര കഥകളാണ് അവര്‍ക്കു പറയാനുണ്ടായിരുന്നത്? എങ്കിലും, അയര്‍ലാന്‍ഡില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്നതു വരെ അവര്‍ പറഞ്ഞ കഥകള്‍ക്കു ആരും ചെവി കൊടുത്തില്ല. പഴയ കിഴക്കന്‍ പാകിസ്താനിലെ ബംഗാളികളോടും നമ്മള്‍ ഇതു തന്നെ ചെയ്തു. ഭരണകൂടഭീകരതയെക്കുറിച്ചുള്ള അവരുടെ വിലാപങ്ങള്‍ തുടക്കത്തില്‍ ആരും ശ്രദ്ധിച്ചില്ല. ബേഥ് ലഹെമിലേയും ബെയ്റൂട്ടിലേയും യുദ്ധഗന്ധമുള്ള കുടുസുമുറികളിലിരുന്നുകൊണ്ട് പലസ്തീന്‍ ജനതയും ആവശ്യപ്പെട്ടത് ഇതു തന്നെയാണ്. 'ഞങ്ങളുടെ ദുരിതങ്ങള്‍ ലോകത്തോടു പറയൂ' എന്നാണ് അവര്‍ പറഞ്ഞത്. അവരേയും നമ്മള്‍ തുടക്കത്തില്‍ അവഗണിച്ചു. ഇക്കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായ ശബ്ദമായിരുന്നു ശ്രീലങ്കന്‍ തമിഴരുടേത്.

ഇപ്പോള്‍, പടിഞ്ഞാറന്‍ നഗരങ്ങളിലെ തമിഴ് വംശജര്‍ തെരുവിലേക്കിറങ്ങുമ്പോള്‍, അവരുടെ സഹോദരങ്ങള്‍ ശ്രീലങ്കയില്‍ വംശഹത്യക്കിരയാക്കപ്പെടുമ്പോള്‍ നമ്മള്‍ കാതു തുറക്കുന്നു, അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കണം എന്ന ആഗ്രഹത്തോടെയല്ലെങ്കിലും. ഈ യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്തുടരുന്നത് ഒരു പുതിയ യജമാനന്റെ പഴയ തന്ത്രമാണ്. കൂട്ടനരഹത്യ നടത്തുമ്പോള്‍, ലോകം കാണുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇതിന്റെ ആദ്യ ഘട്ടമായി, വിദേശികള്‍ക്കും, അവരുടെ ക്യമറകള്‍ക്കും തമിഴ് ഗ്രാമങ്ങളില്‍ പ്രവേശനം നിഷേധിക്കുക. എന്നിട്ട്, തമിഴ് തീവ്രവാദിയുടെ ചവേറാക്രമണത്തില്‍ ഡസന്‍കണക്കിനാളുകള്‍ മരിച്ചെന്നു വിദേശറിപ്പോര്‍ട്ടര്‍മാര്‍ക്ക് പത്രക്കുറിപ്പു നല്‍കുക. അതിനു ശേഷം, റിപ്പോര്‍ട്ടര്‍മാരെ സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള യുദ്ധമേഖലയിലെ ഏതെങ്കിലും കാടിനുള്ളിലേക്കു സൈന്യത്തിന്റെ സഹായത്തോടെ കൊണ്ടുപോയി കാര്യങ്ങള്‍ 'നേരിട്ടു കണ്ടു' ബോധ്യപ്പെടാന്‍ സൗകര്യമൊരുക്കിക്കൊടുക്കുക. ഭരണകൂടം പറയുന്നതുമാത്രമെ പത്രങ്ങള്‍ എഴുതൂ എന്നു ഉറപ്പു വരുത്തുക. ഇസ്രയേലിന്റെ ഗാസയാണ് ശ്രീലങ്കന്‍ സര്‍ക്കാരിനു ഇവിടെ മാത്രുക.

ബുദ്ധനും, ജൂതനും

അതേ ഇസ്രയേലില്‍ നിന്നു തന്നെ ഭീകരവാദത്തെ എങ്ങിനെ നിര്‍വചിക്കാമെന്നും, തീവ്രവാദത്തിന്റെ ഇരയായി സ്വയം എങ്ങിനെ ഉയര്‍ത്തിക്കാട്ടാമെന്നും ശ്രീലങ്ക പാഠങ്ങള്‍ സ്വീകരിക്കുന്നു. കഴിഞ്ഞ കാലത്തെ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇന്ന് അപ്രസക്തമാണ്. തമിഴ് പുലികളെ ഭീകരവാദികളെന്ന് അമേരിക്കയേയും ബ്രിട്ടനേയും കൊണ്ട് വിളിപ്പിക്കുക വഴി, ചരിത്രത്തിന്റെ നേരായ വശത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് വിളിച്ചുപറയാനുള്ള തത്രപ്പാടിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. മനുഷ്യാവകാശ സംരക്ഷണത്തില്‍ ലോകത്തെ ഏറ്റവും മോശം റെക്കോര്‍ഡുള്ള സര്‍ക്കാരുകളിലൊന്നായിട്ടും, സ്വന്തം രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വന്‍ഭീകരത തന്നെ അഴിച്ചുവിട്ടിട്ടും, ശ്രീലങ്ക ഭീകരവാദം എന്ന ആഗോള ഭീഷണിക്കെതിരെ അന്തര്‍ദേശീയ സമൂഹത്തോടൊപ്പം യുദ്ധം ചെയ്യുന്ന പോരാളിയാണ് നമുക്കിന്ന്. അതാണ് നമ്മള്‍ ജീവിക്കുന്ന ലോകക്രമം.




ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വംശഹത്യയെ ചെറുത്തുനില്‍ക്കുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് വാദിക്കലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എല്‍ടിടിഇ) രക്തചൊരിച്ചിലിലും ക്രൂരതയിലും ഒട്ടും പിന്നിലല്ല. എന്നാല്‍, അവര്‍ കാലങ്ങളായി തുടരുന്ന യുദ്ധത്തിന്റെയും, അനീതിയുടെയും 'ഉല്പന്നമാണ്', 'കാരണമല്ല'. ബ്രിട്ടീഷ് ഭരണകാലത്തെ സിലോണിലേക്കു നോക്കിയാല്‍, സമ്രാജ്യത്തിന്റെ 'ഭിന്നിപ്പിച്ചു ഭരിക്കല്‍' നയം ഏറ്റവും ശക്തമായിരുന്ന കോളനികളിലോന്നായിരുന്നു അന്നത്തെ ശ്രീലങ്കയെന്നു കാണാം. ബ്രിട്ടീഷുകാര്‍ തമിഴരെ ഇന്ത്യയില്‍ നിന്നും അടിമതൊഴിലാളികളായി സിലോണിലേക്കു കടത്തി. 1948ല്‍ സ്വാതന്ത്ര്യലബ്ദിക്കു ശേഷം, ദരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധിക്കുന്നതിനു പകരം, ശ്രീലങ്കയിലെ പുതിയ ഭരണവര്‍ഗം അധികാരകേന്ദ്രീകരണത്തിനായി വംശീയ പിന്തുണയാര്‍ജിക്കാനാണ് ശ്രമിച്ചത്. ഈ വംശീയ അജന്‍ഡയുടെ ആദ്യ പ്രതിഫലനം ഉണ്ടായത് ഭാഷയിലാണ്. ഇംഗ്ലീഷ് നിരോധിച്ച് സിന്‍ഹളീസ് മുഖ്യഭാഷയാക്കണമെന്ന് വാദിച്ച ഒരു സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ്, ഫലത്തില്‍ തമിഴ് ജനതക്കു മേലുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു. ഈ ഭാഷാമാറ്റത്തിന്റെ മറ്റൊരു വശം, 1970കള്‍ ആയപ്പോഴേക്കും തമിഴര്‍ സിവില്‍ സര്‍വീസ് രംഗത്ത് നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായിരുന്നു എന്നതാണ്. ശ്രീലങ്കയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും, ഇടതുപക്ഷവും വലതുപക്ഷവുമുള്‍പ്പെടെ, ദേശീയവാദത്തിന്റെ ചതുപ്പില്‍ പെട്ടതോടെ, വംശീയ വിവേചനവും തമിഴ് വിരുദ്ധകലാപങ്ങളും പുതുമയല്ലാതായി മാറി.

ഈ വിവേചനത്തിനും ഭീകരതക്കുമെതിരെയുള്ള തമിഴ് ചെറുത്തുനില്പ് ശക്തമായതിനു ശേഷമാണ് തമിഴര്‍ക്കു മാത്രമായി ഒരു പ്രത്യേക രാജ്യം വെണമെന്ന വാദം തീവ്രമാകുന്നത്. എന്നാല്‍ ഈ ആവശ്യത്തോട്, ഭരണകൂടം പ്രതികരിച്ചത് ജുഡീഷ്യല്‍ കൊലപാതകങ്ങളിലൂടെയും കൊടിയ പീഢനങ്ങളിലൂടെയുമായിരുന്നു. തമിഴര്‍ക്കെതിരെ, ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്ലസ്റ്റര്‍ ബോംബുകളും രാസായുധങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഇതിനെതിരെ തങ്ങളുടേതായ രീതിയില്‍ തമിഴര്‍ പ്രതികരിച്ചു. അതില്‍ ചാവേറാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടുന്നു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനു തല്‍കാലത്തേങ്കിലും അറുതി വരുന്നത്, 2002ലെ വെടിനിര്‍ത്തല്‍ കരാറോടെയാണ്. സര്‍ക്കാര്‍ 'പുലികളെ അവസാനിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം യുദ്ധം പുനരാരംഭിക്കുന്നതു വരെ വെടിനിര്‍ത്തല്‍ നില നിന്നു.

ക്ഷേമപീഢനം


തമിഴ് ജനതയോട് ശ്രീലങ്കന്‍ പട്ടാളം നിയന്ത്രിക്കുന്ന 'ക്ഷേമ ക്യാമ്പു'കളിലേക്കു പലായനം ചെയ്യാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അതായത്, ഒരു ജനതയെ മുഴുവന്‍ വിവിധ സ്ഥലങ്ങളിലായി എങ്ങിനെ തടവില്‍ പാര്‍പ്പിക്കാമെന്നു ശ്രീലങ്കന്‍ ഭരണകൂടം കാണിച്ചു തരുന്നു, അതും പട്ടാളത്തിന്റെ മൂക്കിനു താഴെ. ഇവിടെയാണ് ശ്രീലങ്കയിലെ സാഹചര്യം വീണ്ടും ഗാസയെ ഓര്‍മിപ്പിക്കുന്നത്. ചരിത്രത്തില്‍ ശ്രീലങ്കന്‍ തമിഴര്‍ക്കു സമാനമായ യതനകള്‍ സഹിച്ച മറ്റൊരു ജനത ബ്രിട്ടീഷ് കോണ്‍സണ്ട്രേഷന്‍ ക്യമ്പുകളില്‍ ഒരു നൂറ്റാണ്ടു മുമ്പ് 'ഈയാം പാറ്റകളെ പോലെ ചത്തൊടുങ്ങിയ' ബോവര്‍ സ്ത്രീകളും കുട്ടികളുമാണ്. ശ്രീലങ്കയിലെ പട്ടാള നിയന്ത്രിത അഭയാര്‍ഥി ക്യാമ്പുകളില്‍ റെഡ് ക്രോസ് ഒഴികെയുള്ള വിദേശ സഹായ പ്രവര്‍ത്തകര്‍ക്കാര്‍ക്കും പ്രവേശനമില്ല. (റെഡ് ക്രോസ് പോലും പിന്മാറുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു) ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, സര്‍ക്കാര്‍ പ്രഖ്യാപിത 'സുരക്ഷാമേഖല'യില്‍ ഷെല്ലിംഗ് മൂലം ദിനം പ്രതി 60ലധികം തമിഴര്‍ കൊല്ലപ്പെടുന്നുണ്ട്.

2003ല്‍ ഒരു താല്‍കാലിക സ്വയംഭരണ സംവിധാനം (Interim Self-Governing Authority) ആവശ്യപ്പെട്ട പുലികള്‍ വിശാലമായ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തെയ്യാറാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്, പുലികള്‍ക്കു മീതെ 'അന്തിമ വിജയം' നേടിക്കഴിഞ്ഞാല്‍, 'തമിഴ് ന്യൂനപക്ഷ പ്രശ്നം' എന്നന്നേക്കുമായി പരിഹരിക്കുമെന്നാണ്. ആര്‍മി കമാന്‍ഡര്‍ ഇന്നു പറയുന്നത്, ശ്രീലങ്ക മുഴുവനും സിന്‍ഹള ഭൂരിപക്ഷത്തിന്റേതണെന്നാണ്. തമിഴര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

ഇന്ത്യയുടെ മൗനം

ഇന്ത്യക്കിവിടെ ഒരു നിര്‍ണായക പങ്കു വഹിക്കാനുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ് നാടിനും അവിടുത്തെ തമിഴ് സംസാരിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴരുമായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധമുണ്ട്. ഇന്ത്യയില്‍ അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍‍, ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തിന്റെ പേരില്‍ മാത്രം ഡസന്‍കണക്കിനു റാലികളാണുണ്ടായത്. പുലികള്‍ക്ക് ആദ്യകാലത്ത് ആയുധവും പരിശീലനവും നല്‍കിയിരുന്ന ഇന്ത്യ പിന്നീട് അവരെ നിരായുധരാക്കാന്‍ ശ്രീലങ്കയിലേക്കു 'സമാധാന സേന'യെ അയക്കുകയുണ്ടായി. ഇന്ന്, കൊളംബോയിലെ വംശീയവാദികളായ ഭരണാധികാരികള്‍ തമിഴര്‍ക്കെതിരെ അക്രമമഴിച്ചു വിടുമ്പോള്‍, അതിന് മൗനാനുവാദം കൊടുക്കുകയാണ് ദില്ലി ചെയ്യുന്നത്. ഉത്തരവാദിത്തമുള്ള ഒരു പ്രാദേശിക ശക്തിയെന്ന നിലയില്‍, അയല്‍രാജ്യത്തിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനും സമാധാന സംരക്ഷണത്തിനുമായി ഇന്ത്യ മുന്‍കൈ എടുക്കണമായിരുന്നു.

ലണ്ടനിലേയും വാഷിംഗ്ടണിലേയും മഹത്തായ 'ധാര്‍മിക ഗോപുരങ്ങള്‍' ശ്രീലങ്കയിലെ വംശഹത്യക്കു മൗനാനുവാദം നല്‍കുകയാണുണ്ടായത്. ഇവരാരും തന്നെ ഈ പ്രശ്നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുകയുണ്ടായില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്ന തിരക്കിനിടയില്‍ ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ കേള്‍ക്കാന്‍ ബ്രിട്ടനെവിടെയാണ് സമയം? 2005ല്‍ ശ്രീലങ്കയിലേക്കുള്ള ബ്രിട്ടീഷ് ആയുധകയറ്റുമതി 60 ശതമാനമാണ് വര്‍ധിച്ചത് എന്നു കൂടി ഓര്‍ക്കുക.

തെക്കനേഷ്യയിലെ ഈ ദ്വീപരാഷ്ട്രത്തില്‍ നിന്നുയരുന്ന വേദനയാര്‍ന്ന ശബ്ദങ്ങള്‍ക്ക് ലോകം കാതു കൊടുക്കേണ്ടതുണ്ട്. എത്രയും വേഗം.


ജോണ്‍ പില്ജര്‍
കടപ്പാട്‌: http://www.johnpilger.com/