സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ച കയ്യെത്തും ദൂരത്താണെന്ന ബര്‍നാങ്കെയുടെയും പോള്‍സന്റെയും മുന്നറിയിപ്പ് പല സെനറ്റര്‍മാരും തുടക്കത്തില്‍ കാര്യമായെടുത്തില്ല. അതുകൊണ്ടു തന്നെ, പോള്‍സന്‍ നിര്‍ദേശിച്ച 70,000 കോടി ഡോളറിന്റെ അടിയന്തിര പദ്ധതിക്കു സെനറ്റില്‍ അംഗീകാരം കിട്ടിയതുമില്ല. നികുതിദായകരുടെ പണമുപയോഗിച്ചു പ്രതിസന്ധി നേരിടുന്ന സമ്പത്തിക സ്ഥാപനങ്ങളുടെ മൂല്യരഹിത ആസ്തി (toxic assets) സര്‍ക്കാര്‍ വാങ്ങണം എന്നാണ് പോള്‍സന്‍ നിര്‍ദേശിച്ചത്. പോള്‍സന്റെ സാമ്പത്തിക 'രക്ഷാ പദ്ധതി' അവസാനത്തെ അടവാണെന്നും, അതു സെനറ്റ് അംഗീകരിച്ചില്ലെങ്കില്‍ രാഷ്ട്രം കനത്ത വില നല്‍കേണ്ടി വരുമെന്നുമാണ് ഇതേ കുറിച്ച് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞത്. അന്നു വരെ സ്റ്റേറ്റ് കമ്പോള വികസനത്തിനു വിലങ്ങുതടിയാണെന്നു പറഞ്ഞിരുന്ന മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ഊഹക്കച്ചവട പ്രഭുക്കളുമെല്ലാം, പെട്ടെന്ന് ഭരണകൂടവഅദികളഅയി മാറി. വന്‍ പ്രതിസന്ധിയിലേക്കു മുങ്ങിക്കൊണ്ടിരുന്ന സമ്പദ് രംഗത്തെ രക്ഷപ്പെടുത്താനായി ഭരണകൂടം ഇടപെടണമെന്ന് എല്ലാവരും ഒരുപോലെ വാദിച്ചു. ഫലമോ, പോള്‍സന്‍ തുടക്കത്തില്‍ നിര്‍ദേശിച്ച തുകയുടെ മൂന്നിരട്ടി രക്ഷാപദ്ധതിക്കായി സെനറ്റ് അംഗീകരിച്ചു.

പുതിയ മഹാമാന്ദ്യം
സാമ്പത്തിക കമ്പോളത്തില്‍ സര്‍ക്കാര്‍ പണ നിക്ഷേപം നടത്തിയിട്ടും, വാണിജ്യ പത്ര വിപണിയില്‍ (commercial paper market) 130,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായിട്ടും വായ്പാ ഞെരുക്കത്തില്‍ (credit squeeze) ഒരു അയവുമുണ്ടായില്ല. മാത്രമല്ല, പണ പൂഴ്ത്തിവപ്പും, പരസ്പരം വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ക്കുള്ള വിമുഖതയും കാര്യം കൂടുതല്‍ വഷളാക്കുകയാണുണ്ടായത്. വായ്പാ സംവിധാനത്തെ ഉത്തേജിപ്പിക്കാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളൊന്നും ഫലവത്തായില്ല. ബിസിനസ് വീക് മാസിക ഈ അവസ്ഥയെ വിശേഷിപ്പിച്ചത് 'പുതിയ സാമ്പത്തിക ഹിമയുഗ'മെന്നാണ്. സാമ്പത്തിക ക്രയവിക്രയങ്ങളെ ഉദാരീകരണം കെട്ടഴിച്ചുവിടുമെന്ന് വീമ്പിളക്കിയ നവലിബറലുകള്‍ നോക്കിനില്‍ക്കെ തന്നെ പണമിടപാടുകള്‍ അന്തര്‍ദേശീയവിപണിയില്‍ മഞ്ഞുപോലെ ഉറച്ചുപോയി.
കഴിഞ്ഞ സെപ്റ്റംബറില്‍ ബുഷ് ഭരണകൂടം ഓട്ടോ കമ്പനികള്‍ക്ക് 2,500 കോടി ഡോളറിന്റെ വായ്പ അനുവദിച്ചെങ്കിലും, വന്‍ കാര്‍ നിര്‍മാതാക്കളെല്ലാം ഇപ്പോഴും പ്രതിസന്ധിയിലാണ്. ഭവന നിര്‍മാണനിരക്ക്, കഴിഞ്ഞ 25 വര്‍ഷത്തിലെ ഏറ്റവും താഴെയാണിപ്പോള്‍. തൊഴില്‍ ലഭ്യത ദിനംപ്രതി കുറഞ്ഞു വരുന്നു. ഈ സൂചകങ്ങളെയെല്ലാം മുന്‍നിര്‍ത്തിയാണ് പല സാമ്പത്തിക വിദഗ്ദരും ഇപ്പോഴത്തെ പ്രതിസന്ധിയെ 'പുതിയ മഹാ മാന്ദ്യം' (new great depression) എന്നു വിളിക്കുന്നത്. ഭൂരിഭാഗം അമേരിക്കം ബാങ്കുകളും, ഒക്റ്റോബര്‍ പകുതിയോടെ തന്നെ വന്‍ കടക്കെണിയിലായികഴിഞ്ഞിരുന്നു. തനിയെ നിലനില്‍ക്കാര്‍ പറ്റാതായ മെറില്‍ ലിഞ്ച് സ്വയം ബാങ്ക് ഓഫ് അമേരിക്കക്ക് വിറ്റതും, ജെപി മോര്‍ഗന്‍ ബിയര്‍ സ്റ്റേണ്‍സ് വാങ്ങിയതുമെല്ലാം, ബാങ്കിങ് മേഖലയിലെ പ്രതിസന്ധി തുറന്നു കാണിക്കുന്ന ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ഭീഷണി നേരിടുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി അവയുടെ ഓഹരികള്‍ വാങ്ങുക എന്ന നിലപാടാണ് അമേരിക്കന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് എത്രത്തോളം ഫലപ്രദമായ നടപടിയാണ്? വന്‍ബാങ്കുകളെ മത്രം സംരക്ഷിക്കുക വഴി, തത്വത്തില്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള കുത്തകവല്‍കരണമല്ലെ അമേരിക്കന്‍ ബാങ്കിങ് മേഘലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്?
എന്തുകൊണ്ട് പ്രതിസന്ധി?
എന്താണ് ഇങ്ങിനെയൊരു സാമ്പത്തിക അട്ടിമറിയുണ്ടാവാനുള്ള കാരണം? ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം തേടി ചെന്നാല്‍ നാമൊരുപക്ഷേ എത്തിച്ചേരുക, 1980കളിലെ അമേരിക്കന്‍ സാമ്പത്തിക കമ്പോളത്തിന്റെ ഉദാരവത്കരണത്തിലായിരിക്കും. 1929ലെ വിപണി തകര്‍ച്ചക്കു ശേഷം, ഓഹരികള്‍ വച്ചുള്ള അനിയന്ത്രിത ഊഹക്കച്ചവടം നിയന്ത്രിക്കാനായി അമേരിക്ക 1933ല്‍ ഗ്ലാസ്-സ്റ്റീഗാള്‍ നിയമം (The Glass-Steagall Act of 1933) കൊണ്ടുവരികയുണ്ടായി. എന്നാല്‍ 1980കളിലെയും 90കളിലേയും മൂന്നു വ്യത്യസ്ത നിയമ നിര്‍മാണങ്ങള്‍ വഴി ഗ്ലാസ്-സ്റ്റീഗാള്‍ നിയമത്തെ അസാധുവാക്കിയ അമേരിക്കയുടെ നവലിബറല്‍ ഭരണകൂടങ്ങള്‍ സാധരണ ബങ്കുകള്‍ക്ക് നിക്ഷേപ ബങ്കിങ് (investment banking) മേഖലയില്‍ കടക്കാന്‍ അനുമതി നല്‍കി. ഫലമോ, യാതൊരു സുരക്ഷയുമില്ലാത്ത, ഏതു സമയവും അപ്രത്യക്ഷമായേക്കാവുന്ന ആസ്തികള്‍ വാങ്ങിക്കൂട്ടാനും അവ വച്ച് ചൂതാട്ടം നടത്താനും ഈ ബാങ്കുകള്‍ക്ക് സൗകര്യം ലഭിച്ചു.
ചൂതാട്ട മൂലധനത്തിന്റെ (speculative capital) ഒരു പ്രത്യേകത, അതെപ്പോഴും പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചലിച്ചുകൊണ്ടിരിക്കും എന്നതാണ്. ഈ ലാഭം തേടിയുള്ള യാത്രയുടെ ഫലമാണ് അമേരിക്കയില്‍ ഉണ്ടാവുകയും പിന്നീട് ലോകത്തെ മുഴുവന്‍ ഗ്രസിച്ച പണഞ്ഞെരുക്കമായി (cash crunch) പരിണമിക്കുകയും ചെയ്ത സബ്-പ്രൈം പ്രതിസന്ധി. അതായത്, ലാഭക്കൊതിയില്‍ അന്ധമാക്കപ്പെട്ട ഊഹമുതലളിത്തം തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവരെ പോലും (sub-prime borrowers) പ്രലോഭിപ്പിച്ച് വയ്പാ കമ്പോളത്തെ ഊതി വീര്‍പ്പിച്ചു. ഇങ്ങിനെ, തിരിച്ചടക്കാന്‍ ശേഷിയില്ലാത്തവര്‍ക്കു നല്‍കിയ വയ്പകളില്‍ ഭൂരിഭാഗവും ഭവനവായ്പകളായിരുന്നു.
ഇത്തരം കടക്കാര്‍ ഈടു നല്‍കിയ ആസ്തികള്‍ ബങ്കുകള്‍ കൂടുതല്‍ വിലക്കു നിക്ഷേപ ബങ്കുകള്‍ക്കൊ മറ്റു കമ്പനികള്‍ക്കോ കഷണങ്ങളായി മുറിച്ചു വിറ്റു. വായ്പയിന്മേലുള്ള പലിശ ലാഭം കൊണ്ടുവരുമെന്നും, കടക്കാര്‍ ഈടു നല്‍കിയ വീടുകളുടെ വില ഭാവിയില്‍ വര്‍ധിക്കുമെന്നും ഉള്ള കണക്കുകൂട്ടലിലാണ് കമ്പനികള്‍ ബാങ്കുകളില്‍ നിന്നും ആസ്തികള്‍ കൂടുതല്‍ വിലക്കു വാങ്ങുന്നത്. അതായത്, ഒരു കടക്കാരന്റെ/കാരിയുടെ ഈടു അന്തര്‍ദേശീയ ഊഹമൂലധന വിപണിയില്‍ കച്ചവടത്തിനുള്ള ഒരു ചരക്കായി മാറുന്നു. ഇവിടെ ഒന്നോ രണ്ടോ വ്യക്തികള്‍ വയ്പ തിരിച്ചടക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവരുടെ ആസ്തി കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ക്ക് അതു ലേലം ചെയ്ത് വായ്പാ പണം ഈടാക്കാം. എന്നാല്‍ ദശലക്ഷക്കണക്കിനു വരുന്ന സബ്-പ്രൈം കടക്കാര്‍ വയ്പ അടക്കുന്നതില്‍ പരാജയപ്പെട്ടാല്‍? അവര്‍ ഈടു തന്ന ആസ്തിയുടെ വില കൂട്ടത്തോടെ തകര്‍ന്നാല്‍..? കടം നല്‍കിയവരും, ആ കടം ഊഹക്കമ്പോളത്തില്‍ മറിച്ചുവിറ്റവരും ഒരുപോലെ പ്രശ്നത്തിലാവും. ഇതാണ് വസ്തവത്തില്‍ അമേരിക്കയില്‍ സംഭവിച്ചത്.
താരതമ്യേന കുറഞ്ഞ പലിശനിരക്കുണ്ടായിരുന്ന സബ്-പ്രൈം വയ്പകളുടെ നിരക്ക് പെട്ടെന്നുയര്‍ന്നപ്പോള്‍ തന്നെ അപായമണി മുഴങ്ങിയിരുന്നു. വീടുകളുള്‍പ്പെടെയുള്ള പണയ ആസ്തികളുടെ വിലത്തകര്‍ച്ചക്കാണ് ഇതു വഴി വച്ചത്. വിവിധ തട്ടിലുള്ള നിക്ഷേപകര്‍ നിയന്ത്രിക്കുന്ന സാമ്പത്തിക കമ്പോളത്തിന്റെ സങ്കീര്‍ണമായ സ്വഭാവം മൂലം തുടക്കത്തില്‍ ഈ പ്രതിസന്ധി പുറത്തു വന്നില്ല. പ്രധാന വാള്‍ സ്ട്രീറ്റ് ബാങ്കുകളിലൊന്നായ ബിയര്‍ സ്റ്റേണ്‍സ് നിക്ഷേപ ബങ്കിങ് വഴി കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടെന്ന് പരസ്യമായി സമ്മതിക്കുന്നതു വരെ ലോകത്തെ കാത്തിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം പ്രവചിക്കാന്‍ ഒരു സാമ്പത്തിക വിദഗ്ദനും കഴിഞ്ഞില്ല.
ഊഹമൂലധന സേച്ഛ്വാധിപത്യം
പ്രതിസന്ധി ഒരു പകര്‍ച്ചവ്യധി പോലെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പടര്‍ന്നു. മൂലധനത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ യതൊരു സംവിധാനവുമില്ലാതിരുന്ന ലോകരജ്യങ്ങള്‍ക്ക് തുടക്കത്തില്‍ കാഴ്ച്ചക്കാരായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ. നിരവധി സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വയം പാപ്പരായതായി പ്രഖ്യാപിച്ചു. പല കമ്പനികളും അടച്ചു പൂട്ടുകയോ അതോ മറ്റു വലിയ സ്ഥാപനങ്ങളുമായി ലയിക്കുകയോ ചെയ്തു. 1980കളിലും 90കളിലും ഉദരവത്കരണ നടപടികള്‍ സ്വീകരിച്ച വികസ്വര രാജ്യങ്ങള്‍ക്കും ഇതില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ കാലങ്ങളായുള്ള ചെറുത്തുനില്പ്പ് സാമ്പത്തിക പ്രതിസന്ധിയെ മറ്റു വികസ്വര രാജ്യങ്ങളേക്കാള്‍ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയെ സഹായിച്ചതായി കണാം. കഴിഞ്ഞ രണ്ടു കേന്ദ്രസര്‍ക്കാരുകള്‍ നയിച്ചത് രണ്ടു വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികളായിരുന്നുവെങ്കിലും രണ്ടു പേരുടേയും സാമ്പത്തിക അജന്‍ഡ ഒന്നു തന്നെയായിരുന്നു - സാമ്പത്തിക ഉദാരവത്കരണ നടപടികളെ ത്വരിതപ്പെടുത്തുക. ബങ്കുകളിലേയും, ഇന്‍ഷുറന്‍സ് കമ്പനികളിലേയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ നിക്ഷേപം കുറച്ചു കൊണ്ടുവന്ന് അവ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നു കൊടുക്കുക, സാമ്പത്തിക കമ്പോളത്തിലെ വിദേശനിക്ഷേപമുയര്‍ത്തുക, സാമൂഹ്യ സുരക്ഷാനിധികള്‍, പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടുമുള്‍പ്പെടെ, ഊഹക്കച്ചവടത്തിനായി ഓഹരി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക എന്നതൊക്കെ ഈ രണ്ടു സര്‍ക്കാരുകളും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന നയ പരിപാടികളായിരുന്നു. ഇവ നടപ്പാക്കിയിരുന്നുവെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ എങ്ങിനെ ബാധിക്കുമായിരുന്നുവെന്നു ഒന്നോര്‍ത്തു നോക്കൂ. കിഴക്കനേഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യാതൊന്നും പഠിക്കാത്തവരാണ് നമ്മുടെ കേന്ദ്ര സര്‍ക്കാരുകള്‍. ഊഹമൂലധനമാണ് അടുത്തകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളുടെയെല്ലാം പ്രധാന കാരണമെന്നു എന്നാണ് ഇവര്‍ തിരിച്ചറിയുക?
ഊഹമൂലധനം എങ്ങിനെ സാമ്പത്തിക കമ്പോളത്തെ നിയന്ത്രിക്കുന്നുവെന്നും, എങ്ങിനെ സമ്പദ് രംഗത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാഴ്ത്തുമെന്നും ജോണ്‍ മയ്നാര്‍ഡ് കെയിന്‍സിനെ പോലുള്ള മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നത്തെ ലോകയാഥാര്‍ത്ഥ്യം കുറേക്കൂടെ വിനാശകരമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തം ഉല്പാദനവും തൊഴില്‍ശക്തിയുമെല്ലാം നിയന്ത്രിക്കുന്നത് ഒരു സംഘം ഊഹക്കച്ചവടക്കാരായി മാറിയിരിക്കുന്നു. ഇക്കൂട്ടരെ രക്ഷപ്പെടുത്തേണ്ടത് ഇന്ന് ലോക സമ്പദ് വ്യവസ്ഥയുടെ തന്നെ ബാധ്യതയായി തീര്‍ന്നിരിക്കുന്നു. ലോകം മുഴുവനുമുള്ള സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ സാമ്പത്തിക രക്ഷാപദ്ധതികള്‍ക്കാവശ്യമായ പണം എവിടെ നിന്നാണ് വരുന്നത്? അതായത്, നവലിബറല്‍ നയങ്ങള്‍ മൂലം ഒരു കാലത്ത് കോടികള്‍ ലാഭമുണ്ടാക്കിയ കുത്തകകളെ രക്ഷപ്പെടുത്തേണ്ട ബാധ്യത നികുതിദായകര്‍ക്കാണെന്നര്‍ഥം. ലാഭത്തിന്റെ സ്വകാര്യവത്കരണവും നഷ്ടത്തിന്റെ സാമൂഹ്യവത്കരണവും എന്ന പഴയ മുതലാളിത്ത സിദ്ധാന്തം തന്നെ ഇപ്പോഴും ഭരണവര്‍ഗത്തിനു പഥ്യമെന്നു സാരം. 'വ്യവസ്ഥ'യെ നേരെയാക്കാനായി അധ്വാനവര്‍ഗത്തോട് അര മുറുക്കികെട്ടാന്‍ മുതലാളിത്തം വീണ്ടും ആവശ്യപ്പെടുന്നു.
ശ്രീനാഥ്,
ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷകവിദ്യാര്‍ഥിയാണ്.
