Feb 1, 2010

നഷ്ടപ്പെട്ട സാധനങ്ങളുടെ കാഴ്ചബംഗ്ലാവ്

ഭാരത് രംഗ് മഹോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട The Museum of Lost Pieces എന്ന നാടകത്തെ കുറിച്ച് അഭിലാഷ് വിവി
സ്മൈലികളാണ് നമ്മുടെ സാമൂഹ്യ-സാങ്കേതിക കാലത്തിന്റെ രൂപകങ്ങള്‍.പരിഭാഷ സാധിക്കാത്ത വിധം ആഗോളീയമായ ഈ സമൂഹത്തെ നാം "cool societies" എന്നു വിളിക്കുന്നു. ഈ കാലദേശങ്ങളുടെ മുന്‍പില്‍ ചരിത്രമെന്താവുന്നു എന്ന ചോദ്യമാണ് നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ 'ഭാരത് രംഗ് മഹോത്സവ'ത്തിലവതരിപ്പിക്കപ്പെട്ട "The Museum of Lost Pieces" (നഷ്ടപ്പെട്ട സാധനങ്ങളുടെ കാഴ്ചബംഗ്ലാവ്) എന്ന നാടകം ചോദിക്കുന്നത്. ഹൈദരബാദ് യൂനിവേഴ്സിറ്റിയുടെ തിയറ്റര്‍ വിഭാഗം അവതരിപ്പിച്ച ഈ നാടകത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് രമണനും കഥാകാരന്‍ എന്‍പി ആഷ്ലിയും മലയാളികളാണ്. നാടകം ഉപയോഗിച്ച നാലു ഭാഷകളിലൊന്നും മലയാളമാണ്. ഒരു സര്‍ക്കസ് റ്റെന്റിലാണ് കഥ നടക്കുന്നത്. മ്യൂസിയത്തില്‍ നിന്നും ജീവന്‍ വച്ച് പുറത്തേക്കു വരുന്ന ചില വസ്തുക്കള്‍ നടത്തുന്ന തമാശകളും ആകര്‍ഷകങ്ങളായ പ്രകടനങ്ങളുമാണ് നാടകത്തിന്റെ ആദ്യഭാഗം മുഴുവന്‍. സ്ഥിരം കാര്‍ണിവലുകളെ പോലെ, മനുഷ്യരെ അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങള്‍. ഒരാള്‍ പല്ലു കൊണ്ട് സൈക്കിള്‍ എടുത്തു പൊക്കുന്നു. മറ്റൊരാള്‍ കത്തിച്ച ഓടുകള്‍ കൈ കൊണ്ട് തകര്‍ക്കുന്നു, 50 കിലോ ഭാരമുള്ള കല്ല് ഒരാളുടെ വയറ്റില്‍ വച്ച് അടിച്ചുടയ്ക്കുന്നു, മരത്തില്‍ നിന്നും പറന്നിറങ്ങുന്നു. ജിബ്രിഷും, റസ്ലിംഗും, കോമാളികളും നൃത്തവും, ബാന്റും, റെക്കോര്‍ഡഡ് സംഗീതവും നിറങ്ങളും അന്തരീക്ഷം നിറയ്ക്കുന്നു.

പതുക്കെ ഈ തമാശകള്‍ മറ്റെന്തിലേക്കോ ഉള്ള ചൂണ്ടു പലകകള്‍ ആവുന്നുണ്ട്. കാഴ്ചക്കാരെ രസിപ്പിക്കുക എന്ന തങ്ങളുടെ ചരിത്രപരമായ കടമയില്‍ നിന്നും ഇവിടുത്തെ സര്‍ക്കസുകാര്‍ പിന്‍മാറുന്നതോടെയാണ് ഈ ചൂണ്ടുപലകകള്‍ കഥ പറഞ്ഞു തുടങ്ങുന്നത്. ഒരു ഭാഗത്ത് മൊബൈല്‍ കമ്പനിയുടെ സൗജന്യ മേക്ക്-അപ് ഓഫറുമായി വരുന്നയാള്‍ തന്റെ വീട് കാലിയാക്കിയാണ് പോയതെന്ന് കാണുന്ന വീട്ടമ്മ ശൂന്യമായ ഭാവത്തോടെ ആളുകളെ അഭിമുഖീകരിക്കുന്നു. ശബ്ദായമാനമായ ഒരു പബ് ഡാന്‍സിനിടയ്ക്കും ഇങ്ങിനെ നിശബ്ദതയും നിശ്ചലതയും കടന്നു വരുന്നുണ്ട്. ലേലം ചെയ്യാന്‍ വരുന്നയാള്‍ കോഴിയെ വിളിക്കുന്നത് "സതി സാവിത്രി" എന്നാണ്. "ഗാന്ധിയുടെ സാധനങ്ങള്‍ ലേലത്തില്‍ പിടിച്ച വിജയ് മല്യയെ പോലുള്ള യോദ്ധാക്കള്‍ ഇക്കൂട്ടത്തിലില്ലെ" എന്നും ചോദിക്കുന്നുണ്ട്. കോഴിക്ക് ലക്ഷങ്ങള്‍ വില പറഞ്ഞ കാഴ്ചക്കാരനോട് നിങ്ങളുടെ സമ്പത്തിന്റെ സ്രോതസ് വെളിപ്പെടുത്തൂ" എന്ന നിര്‍ബന്ധം കൂടിയാവുമ്പോള്‍ നമ്മുടെ പൊതു-സ്വകാര്യ ജീവിത ദ്വന്ദങ്ങളിന്മേലുള്ള കോറിവരകളാവുന്നു നാടകത്തിലെ ചോദ്യങ്ങള്‍.

ഈ കോറിവരകളിലൂടെ കഥാപാത്രങ്ങള്‍ ചരിത്രത്തിലെ സത്തയായി മാറുകയാണ്. സാമൂഹ്യമാറ്റത്തിന്റെ സന്ദേശത്തെ പിടിച്ചെടുക്കുന്ന കൂറ്റന്‍ ടവറുകള്‍. പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണള്‍ ഈ രംഗത്തിലേക്ക് കടന്നു വരുന്നുണ്ട്. അംബേദ്കര്‍, മാര്‍ടിന്‍ ലൂതര്‍ കിംഗ്, അമേരിക്കന്‍ അടിമ സ്ത്രീയായ സൊജേര്‍ണര്‍ ട്രൂത്ത്, കൃസ്ത്യന്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകനായ ഗ്രേയ്ലന്‍ ഹാഗ്ലര്‍, ആന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ പ്രഭാഷണങ്ങളിലൂടെ നാടകകഥാപാത്രങ്ങള്‍ ചരിത്രത്തെ വര്‍ത്തമാനത്തിലേക്ക് കൊണ്ടു വരുന്നു. ചരിത്രം ജഡാവസ്ഥ കൈയൊഴിയുകയാണ്. അലങ്കാരങ്ങളഴിച്ച് അപകടകരമായ ഒരു നാടകത്തിനുള്ള ഗൂഢമായ ഒരുക്കങ്ങള്‍ നടത്തുന്നു. വിനോദവ്യവസായത്തിന്റെ അപകടകരമായ ആധിപത്യത്തിനും, ആളുകളെ മയക്കികിടത്തുന്ന അതിന്റെ ചൂഷണരീതികള്‍ക്കുമെതിരെയുള്ള ഒരു നാടകം.

പക്ഷേ, 1876ലെ നാടകനിയമമനുസരിച്ച് വിനോധാപാധികള്‍ പാലിക്കാത്തതിനാല്‍ നാടകം കര്‍ട്ടനുയരും മുന്‍പെ നിരോധിക്കപ്പെടുന്നു. നടന്മാര്‍ മ്യൂസിയത്തിലേക്ക് തിരിച്ചയയ്ക്കപ്പെടുന്നു. സ്മൈലി ബാഡ്ജും ധരിച്ച് ഇരിക്കുന്ന കാണികളില്‍ നിന്ന് ചിലര്‍ സ്റ്റേജിലെ നാടകസാമഗ്രികള്‍ എടുത്തു മാറ്റുന്നു. തലതല്ലി കീറി അവര്‍ മ്യൂസിയത്തിലെ നിര്‍മമതയിലേക്ക്, നിശ്ചലരൂപങ്ങളിലേക്ക് മടങ്ങുന്നു.

വിവിധതരം പ്രകടനരൂപങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സര്‍ക്കസിന്റെ ഫ്രെയിം ഉണ്ടാക്കിയെടുത്തു എന്നതാണ് സംവിധായകനായ ശ്രീജിത്ത് രമണന്റെ ഏറ്റവും വലിയ നേട്ടം. പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നും കൂടാതെ "Performance Studies" എന്ന തന്റെ കോഴ്സിലെ കുട്ടികളെ കൊണ്ട് പലതരം പരിശീലനമുറകളിലൂടെ ഒരു ആഖ്യാനരീതി നിര്‍മിച്ചെടുക്കുകയാണ് ശ്രീജിത്ത് ചെയ്തത്. മോഹന്‍ലാലും മുകേഷും അഭിനയിക്കുന്നതിനാല്‍ വാര്‍ത്താപ്രാധാന്യം നേടിയ "ഛായാമുഖി'യിലെ കീചകനെ ആദ്യമവതരിപ്പിച്ച ശ്രീജിത്ത് രമണന്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ നടനും സംവിധായകനുമാണ്. എന്‍പി ആഷ്ലിയുടെ രണ്ടു കഥകള്‍ യോജിപ്പിച്ചാണ് നാടകത്തിന്റെ തിരക്കഥ രൂപീകരിച്ചത്. പിന്നീട് കഥാതന്തുവിനനുസരിച്ച് ഊറിക്കൂടിയ രംഗങ്ങളില്‍ മാറ്റം വരുത്തുകയാണുണ്ടായതെന്ന് സംവിധായകന്‍ പറയുന്നു. ആഷ്ലിയും മറ്റു നടീനടന്മാരും അണിയറക്കാരുമെല്ലാം ഹൈദരബാദ് യൂനിവേഴ്സിറ്റിയില്‍ നിന്നുള്ളവര്‍ തന്നെ. ഏതായാലും യൂനിവേഴ്സിറ്റിയുടെ ഈ നാടകപരിശ്രമം, ചരിത്രത്തേയും വിനോദത്തേയും, ക്ലാസ് മുറിയേയും വേദിയേയും, സര്‍ക്കസിനേയും നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രവര്‍ത്തകര്‍ പറയുമ്പോള്‍ കാണികള്‍ക്ക് പറയേണ്ടി വരും: "ഒരു പുതിയ, നല്ല, അസ്വസ്ഥതയുളവാക്കുന്ന ശ്രമം".

ലേഖകന്‍ ഹൈദരബാദ് ഇഫ്ലുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്.