Dec 27, 2009

പടച്ചോന്റെ പൊല്ലാപ്പ്

പള്ളിക്കണക്കു ശരിയാണെങ്കില്‍, ഏതാണ്ട് 6,000 കൊല്ലം മുന്‍പാണ് ഭൂമിയും, സ്വര്‍ഗവും ദൈവം തമ്പുരാന്‍ മെനഞ്ഞത്. ഈ വങ്കത്തത്തെ കണക്കിനു കളിയാക്കുന്ന ഒരു ചെറുകുറിപ്പ് അമേരിക്കന്‍ ആക്ഷേപഹാസ്യ പ്രസിദ്ധീകരണം 'അണിയന്‍' (Onion) ഈയടുത്തു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സ്വതന്ത്ര പരിഭാഷ.

ഭൂലോകത്തിലെ ഏറ്റവും പുരാതന നാഗരികസമൂഹമായ സുമേരിയന്‍ ജനത ഞെട്ടലോടെയും, അങ്കലാപ്പോടെയുമാണ് അതിനു സാക്ഷ്യം വഹിച്ചത്. ആറായിരം കൊല്ലം മുന്‍പ്, ദൈവം, പടച്ച തമ്പുരാന്‍, സ്വര്‍ഗവും, ഭൂമിയും സൃഷ്ടിക്കുന്ന കിടിലന്‍ കാഴ്ച്ചയ്ക്ക്! ഈയടുത്തിടെ ഖനനം ചെയ്തു പുറത്തെടുത്ത ചിത്രഫലകങ്ങളില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്ന കുനിഫോം രേഖകള്‍ ആ അതിശയത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്താദ്യമായി എഴുത്തും, കൃഷിയും, ഭരണസമ്പ്രദായവുമെല്ലാം കണ്ടുപിടിച്ച സുമേരിയന്‍ ജനത, അതിനൂതനമായ ചില ജലസേചനരീതികള്‍ പരുവപ്പെടുത്തിയെടുക്കുന്ന തിരക്കിലായിരുന്ന ആ ദിവസങ്ങളിലാണ് ദുനിയാവിന്റെ പടച്ചവന്‍ സൃഷ്ടി നടത്തുന്ന കാഴ്ച കണ്ടത്. ദൈവം ജീവാത്മാവിനെ ഊതിവിടുന്നു! അതും, നല്ല ജിഗിജിഗാന്നു ജീവിച്ചുതിമിര്‍ക്കുന്ന ഒരു നാഗരിക സമൂഹത്തിനു നേരെ.

കുനീഫോം രേഖകള്‍ ഇതു പകര്‍ത്തിയിട്ടുണ്ട്: "എനിക്കിതങ്ങോട്ട് തിരിയുന്നില്ല!" ഒരു ചിത്രലിഖിതം രേഖപ്പെടുത്തുന്നു. സൂര്യന്‍, ചന്ദ്രന്‍, ജലാശയങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം, മണ്ട ചൊറിഞ്ഞു നില്‍ക്കുന്ന ഒരു സുമേരിയന്‍ പൗരന്റെ പടമുള്ള ഒരു രേഖ ഇങ്ങനെ പറയുന്നു. "ഒരു മുഴങ്ങുന്ന ശബ്ദം! "വെളിച്ചമുണ്ടാകട്ടെ!", പക്ഷേ വെളിച്ചം അവിടെ എപ്പോഴേ ഉണ്ടായിരുന്നു. അതു പറഞ്ഞു, "ഭൂമിയില്‍ പുല്ലു മുളക്കട്ടെ!", ഇതെന്തു പുകില്‍, ഞാനാണെങ്കില്‍ ഇതു കേള്‍ക്കുമ്പോള്‍ ഒന്നാംതരം പുല്‍മേട്ടിലാണ് നില്പ്പ്!" ആ സുമേരിയന്‍ ചിത്രരേഖ തുടരുന്നു: "ഇവിടെ വളരെ മുന്‍പേ തന്നെ ഉണ്ടായിരുന്ന കാര്യങ്ങളാണിതെല്ലാം. ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം കുറച്ചു കൂട്ടിയതു കൊണ്ട് ഞങ്ങള്‍ക്കു എന്തു പ്രയോജനം?"

ദൈവത്തിന്റെ ബൈബിളില്‍ പറയുന്ന ഈ പങ്കപ്പാടെല്ലാം കണ്ട ശേഷം, നമ്മുടെ ഈ സുമേരിയന്‍ സാക്ഷികള്‍ ദൈവം ഇപ്പറയുന്ന വരണ്ട ഭൂപ്രദേശം സൃഷ്ടിക്കുന്നതിനും 1,500 കൊല്ലം മുന്‍പ് അവര്‍ പണിത നഗരമായ എറീദുവിലേക്കു (Eridu) പോയി തങ്ങള്‍ കണ്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. സുമേരിയന്‍ പ്രാദേശിക ജനസഭകളും, കര്‍ഷകരും, പുരോഹിതരും, ഭരണകര്‍ത്താക്കളും ദൈവം നടത്തിയ ഈ നടപടിയില്‍ ആകെ അങ്കലാപ്പിലായെന്നു മാത്രമല്ല, ഒരു കാര്യത്തില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പു പടച്ചവനോടു നേരിട്ടു പറയാനും അവര്‍ തീരുമാനിച്ചതായി സുമേരിയന്‍ കാലഘട്ടത്തിലെ കുനിഫോം രേഖകള്‍ പറയുന്നു. കാര്യമിതാണ്: ജലത്തിനുമീതെ സൃഷ്ടിയുടെ പേരും പറഞ്ഞു ദൈവം പാഞ്ഞു നടന്നപ്പോള്‍ ആ പരാക്രമം ചില സമുദ്ര സഞ്ചാരികള്‍ക്ക് അലോസരം ഉണ്ടാക്കി. മെസപ്പൊട്ടേമിയയില്‍ ഒരു സങ്കീര്‍ണ്ണമായ വാണീജ്യ സമ്പ്രദായത്തില്‍ പങ്കെടുക്കാനായി പോകുന്നവരായിരുന്നു ഇവരില്‍ പലരും. മാത്രമല്ല, തങ്ങള്‍ നൂറിലധികം തലമുറകളായി വളര്‍ത്തിവരുന്ന അതേ ജന്തുക്കളേയും, സസ്യലതാതികളേയും ഈ ഡിങ്കന്‍ ദൈവം എനതിനാണ് വീണ്ടും പടച്ചു വിടുന്നതെന്നും അവര്‍ക്കു തീര്‍ത്തും തിരിഞ്ഞില്ല. ഇതൊക്കെ എന്തു കൂത്ത്!

"തങ്ങളുടെ സുസ്സജ്ജമായ സാമൂഹിക സമ്പ്രദായത്തിനുമീതെ ദൈവം നടത്തിയ ഈ സ്വര്‍ഗ-ഭുവന സൃഷ്ടി സുമേരിയന്‍ ജനതക്കു ഒരു ശല്യക്കേടായി തോന്നിയിരിക്കണം," പറയുന്നത് അമേരിക്കയിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ പ്രാചീന ചരിത്രത്തില്‍ പ്രഫെസറായ പോള്‍ ഹെലുണ്ട്. "സുമേരിയന്‍ ചിത്രഫലകങ്ങളില്‍ കാണുന്നതു സത്യമാണെങ്കില്‍, സൃഷ്ടിസമയത്തുള്ള ദൈവത്തിന്റെ ചെകിടുതകര്‍ക്കുന്ന ശബ്ദം സുമേരിയക്കാരുടെ പൂജാ പ്രാര്‍ത്ഥനാദികളെ ഒരാഴ്ച്ചക്കാലം തടസപ്പെടുത്തിയിരിക്കണം!"

കുനിഫോം ഫലകങ്ങള്‍ പ്രകാരം, സുമേരിയക്കാര്‍ക്ക് ഏറ്റവും വിചിത്ര പരിപാടിയായി തോന്നിയത് പൊടിയില്‍ നിന്നും രണ്ടു മനുഷ്യരെ ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയാണ്. "ദൈവം തന്റെ ഛായയില്‍ സൃഷ്ടിച്ച ഈ രണ്ടെണ്ണത്തിനും ഒരു ചുക്കും അറിയില്ല. ആശയവിനിമയം, ഗണിതശാസ്ത്രം, കൃഷി മുതലായ ഒന്നും അറിയാത്ത രണ്ടു മന്ദബുദ്ധികള്‍!" ഒരു സുമേരിയന്‍ തത്വചിന്തകന്‍ അതു കണ്ട് ഇങ്ങനെ കുറിച്ചു: "തീര്‍ച്ചയായും, ഇവറ്റകളെ പടച്ചവന്‍ ഒരു പമ്പര വിഡ്ഡ്ഡി തന്നെ!"

ഇതും, ഇതുപോലെ രസകരമായ ചില കുറിപ്പുകളൂം ഇവിടെ വായിക്കാം. http://www.theonion.com/content/ourannualyear09