ജെയിംസ്, കത്രിയോന, ബെന്‍ എന്നിവരായിരുന്നു എന്റെ സഹയാത്രികര്‍. സ്കോട്ടിഷ് വംശജനായ ജയിംസിന്റെ ഇംഗ്ലിഷ് ഉച്ചാരണം മനസിലാക്കിയെടുക്കുക നന്നേ പാടാണ്. കത്രിയോനയെ കണ്ടാല്‍ ഒരു റ്റീനേജ് സിനിമയില്‍ നിന്ന് നേരെ ഇറങ്ങി വന്നതാണെന്ന് തോന്നും. ഒരു കാര്യത്തിലും പ്രത്യേകിച്ചൊരു താല്പര്യവും കാണിക്കാത്ത കുട്ടി. ഇവരുടെ നേര്‍വിപരീതമായിരുന്നു ബെന്നിന്റെ രീതികള്‍. നാണം കുണുങ്ങിയായിരുന്നെങ്കിലും, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി വളരെ അനൗപചരികമായാണ് ബെന്‍ റ്റീമംഗങ്ങളുമായി ഇടപെട്ടിരുന്നത്.
ഒഴുകിപരന്നു കിടക്കുന്ന മരുഭൂമി
അങ്ങിനെ ആഗസ്റ്റ് 15ന് (2008) രാവിലെ ആറുമണിക്ക് ഞങ്ങളുടെ ക്യാബിന്റെ പിന്‍സീറ്റില്‍ ബെന്നിനൊപ്പം ഞാന്‍ ഇരിപ്പുറപ്പിച്ചു. സഹയാത്രികര്‍ അവരുടെ ലോകത്തായിരുന്നു. തടിയനായ ഞങ്ങളുടെ ഡ്രൈവറാകട്ടെ, അറബിക്കല്ലാതെ മറ്റൊന്നും സംസാരിക്കുകയുമില്ല. കാഴ്ച കണാമെന്ന താത്പര്യത്തോടെയാണ് ഇരുന്നതെങ്കിലും, പതിവു പോലെ ഞാന്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. ഉണര്‍ന്നപ്പോള്‍ കണ്ടത്, 'കെയ്റോ 39 കിലോമീറ്റര്‍' എന്ന സൈന്‍ബോര്‍ഡാണ്. അലക്സാന്‍ഡ്രിയന്‍ നഗരത്തെ തണുപ്പിച്ചു നിര്‍ത്തുന്ന മെഡിറ്ററേനിയന്‍ കാറ്റ് അപ്രത്യക്ഷമായിരുന്നു. റോഡിനിരു വശത്തുമായി ബ്രൗണ്‍ നിറത്തിലുള്ള ചെറിയ മരങ്ങളും, കെട്ടിടങ്ങളും കാണാം. പുറത്തേക്കു നോക്കിയിരിക്കെ, 'ഗിസ'എന്നെഴുതിയ ബോര്‍ഡ് കാഴ്ചയിലൂടെ വേഗത്തില്‍ കടന്നു പോകുന്നത് കണ്ടു. അഞ്ചു നിമിഷം കഴിഞ്ഞില്ല, അതിനു മുന്‍പേ, കത്രിയോന അലര്‍ച്ച കേട്ടു.. "ദാ അവിടെ.." എല്ലാവരും കത്രിയോന കൈ ചൂണ്ടിയിടത്തേക്കു നോക്കി. അതാ... നൂറ്റമ്പതോളം മീറ്റര്‍ ഉയരത്തില്‍ ആകശത്തേക്കുയര്‍ന്നു നില്‍ക്കുന കൂറ്റന്‍ 'ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ'.
ഗിസ കോമ്പ്ലക്സില്‍ മൂന്നു പിരമിഡുകളുണ്ട്. ഖുഫു എന്ന പേരിലുമറിയപ്പെടുന്ന പ്രശസ്തമായ ഗിസ പിരമിഡ് പണി തീരാന്‍ 20 വര്‍ഷമെടുത്തു. ബിസി 2,560ല്‍ പണി തീര്‍ന്ന ഖുഫുവിന്റെ തെക്കുപടിഞ്ഞാറായി അധികം ദൂരത്തല്ലാതെ ഖാഫ്രെ എന്ന ചെറിയ പിരമിഡ് കാണാം. അവിടെ നിന്നും വീണ്ടും അല്പം മാറിയാണ് ഖുഫുവിന്റെ പകുതിയോളം മാത്രം ഉയരമുള്ള മെങ്കോറെ നില്‍ക്കുന്നത്. ഇന്നു നമ്മള്‍ കാണുന്നത് ഒരിക്കല്‍ മിനുസമുള്ള വെള്ളക്കല്ലുകളില്‍ തിളങ്ങിയൊരുങ്ങി നിന്നിരുന്ന ആകാശസൗധങ്ങളുടെ കല്‍ശേഷിപ്പ് മാത്രമാണ്. ഖാഫ്രെയുടെ ഉയരങ്ങളില്‍ ഈ കല്‍തിളക്കം നമുക്കിപ്പോഴും കാണാം.
പിരമിഡുകളെ പറ്റിയുള്ള വിക്കിപീഡിയ ലേഖനം ഞാനും വായിച്ചിട്ടുണ്ടായിരുന്നു. വിക്കിപീഡിയ നമുക്കാവശ്യമായ അടിസ്ഥാന വിവരങ്ങളെല്ലാം വിക്കിപീഡിയയിലുണ്ട്. എന്നാല്‍, ഇവിടെ സഹസ്രാബ്ദങ്ങളുടെ ഒഴുക്കിനു സാക്ഷ്യം വഹിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അത്തരം വിവരങ്ങളാര്‍ക്കു വേണം. ജീവിതത്തില്‍ റൊമാന്റിക്കായി എന്തൊക്കെയുണ്ടായിട്ടുണ്ടോ, അതെല്ലാം തിരകളായി ഉയര്‍ന്നു വന്ന് നമ്മെ മൂടുന്നതു പോലെ തോന്നും. ചുറ്റിലും നിറഞ്ഞു നില്‍ക്കുന്ന പുരാതനത്വമാണ് എന്നെ കൂടുതല്‍ അതിശയിപ്പിച്ചത്. പിരമിഡുകള്‍ക്കു ചുറ്റിലുമായി കടലു പോലെ അനന്തതയിലേക്ക് ഒഴുകിപരന്നു കിടക്കുന്ന മരുഭൂമി എന്റെ ഓര്‍മയിലേക്ക് 'ദ മമ്മി റിട്ടേണ്‍സിലെ' രംഗങ്ങള്‍ കൊണ്ടു വന്നു. ഗിസാ കോംപ്ലക്സിന്റെ കിഴക്കു ഭാഗത്തായാണ് 'ഗ്രേറ്റ് സ്ഫിംഗ്സ്' കിടക്കുന്നത്. ഈജിപ്റ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ സ്ഫിംഗ്സിന്റെ തല ഖാഫ്രെ ഫറവോയുടെതാണ്. അതിന്റെ മുഖത്ത് കാലം ചെറിയ പരുക്കേല്പ്പിച്ചിട്ടുണ്ട്, മൂക്ക് പൊടിഞ്ഞു പോയിരിക്കുന്നു. കൂറ്റന്‍ തലയുയര്‍ത്തി പിടിച്ചു കൊണ്ട്, സ്ഫിംഗ്സ് ഗിസാ കൊംപ്ലക്സിന് കാവല്‍ കിടക്കുകയാണെന്നു തോന്നും അതിനെ കണ്ടാല്‍.
പോസ്റ്റ് V: അഹമ്മദ് അല്‍-ഹിന്ദ്
ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഹമ്മദ് എന്ന ഒരു മനുഷ്യന്‍ അലക്സാന്‍ഡ്രിയയിലുണ്ടായിരുന്നു. അഹമ്മദ് എപ്പോഴും നഗരത്തിലൂടെ തന്റെ മോട്ടോര്‍ബൈക്കില്‍ ചുറ്റിനടക്കുമായിരുന്നു. അയാളുടെ മോട്ടോര്‍ ബൈക്കില്‍ ഒരു വലിയ മ്യൂസിക് സിസ്റ്റവും സ്പീക്കറുകളും പിടിപ്പിച്ചിരുന്നുവെന്നും അതില്‍ നിന്നും എല്ലായ്പ്പോഴും ഹിന്ദി പാട്ടുകള്‍ കേള്‍ക്കാമായിരുന്നുവെന്നും തദ്ദേശീയര്‍ പറയുന്നു. ഹിന്ദി സിനിമകള്‍ കളിക്കുന്ന തിയറ്ററുകളില്‍ അഹമ്മദ് ഉറക്കെ പാടുകയും നൃത്തം വയ്ക്കുകയും ചെയ്യുമായിരുന്നു. നാട്ടുകാര്‍ അയാളെ അഹമ്മദ് അല്‍-ഹിന്ദ് എന്നു വിളിച്ചു. ഒരു കാലത്ത് നഗരത്തില്‍ ഹിന്ദി സിനിമകള്‍ കളിച്ചിരുന്ന ഏഴു സിനിമാ തിയറ്ററുകളെങ്കിലുമുണ്ടായിരുന്നുവെന്ന് എഹാബ് പറഞ്ഞു. അവയില്‍ രണ്ടെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റിയില്‍ ജോലിക്കാരനായ എഹാബ് ഞങ്ങളുടെ പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു. മൂന്നു കുട്ടികളുടെ അച്ഛനായ ഈ ചെറുപ്പക്കാരന്‍ എല്ലായ്പ്പോഴും ഉല്ലാസവാനായാണ് കാണപ്പെട്ടത്. അമിതാഭ് ബച്ചന്റേയും ഹിന്ദി സിനിമാ പാട്ടുകളുടേയും കടുത്ത ആരാധകനാണ് എഹാബ്. അലക്സാന്‍ഡ്രിയയിലെത്തിയ ആദ്യദിനം മുതല്‍ ഞാന്‍ അല്‍-ഹിന്ദില്‍ നിന്നാണോ വരുന്നതെന്ന് ധാരാളം ആളുകള്‍ എന്നോട് ചോദിച്ചിരുന്നു. 'മലയാളി ദേശീയത' ഉള്ളില്‍ കൊണ്ട് നടക്കുന്ന എനിക്ക് ഈ ചോദ്യങ്ങളില്‍ അത്ര സന്തോഷമൊന്നും പൊതുവെ തോന്നിയില്ല. എന്നാല്‍ ഇവരെല്ലാം അടുത്തതായി ചോദിക്കുക അമിതാഭ് ബച്ചനെ പറ്റിയായിരിക്കും. അവിടെ ഞാനും വീണു പോകും. ഞാനും ബച്ചന്റെ കടുത്ത ആരാധികയാണെന്ന് പറയുന്നതോടെ രംഗം മാറും. കഴിഞ്ഞ കാലത്തെ ആരാധിക്കുന്ന ആ മനുഷ്യര് എന്നെ അവരിലൊരാളായി കണ്ടു തുടങ്ങും..
റെയ്ചല്‍ വര്‍ഗീസ് ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആര്‍ക്കിയോളജിയില്‍ ഉപരിപഠനം നടത്തുന്നു.
