രണ്ടു മാസം മുന്‍പ്, പെട്ടെന്ന് ഒരു ഹ്രദയാഘാതം വന്ന് ഗാന്ധിയേട്ടന്‍ മരിച്ചു. പെരുവഴിയില്‍ വച്ചായിരുന്നു മരണം. മ്രതദേഹം പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഉയര്‍ന്ന കൊളസ്റ്റ്രോള്‍ ഉള്ളയാളായിരുന്നു ഗാന്ധിയെന്നാണ്. കഠിനാദ്ധ്വാനമില്ലാത്ത കാലം അയാളുടെ ശരീരം കൊഴുപ്പിന്റെ ഒരു കലാപം തുടങ്ങിയിരുന്നു. അതിനെ അദ്ധ്വാനം കൊണ്ട് പ്രതിരോധിക്കാന്‍ ആ പഴയ വാറ്റുകാരന്‍ മറന്നുപോയി. ഗ്രാമത്തിലെ ഏറ്റവും കുപ്രസിദ്ധിയുള്ള മധ്യവയസ്കന്റെ മരണവാര്‍ത്ത വിളിച്ചറിയിച്ച കൂട്ടുകാരന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: "ഒരു പണിയുമെടുത്തില്ലെങ്കില്‍ അറ്റാക്ക് എപ്പോ വരുമെന്നു ചോദിച്ചാല്‍ മതി...വ്യായാമം ഒരു മസ്റ്റാണ് ഇപ്പോ".
കൂട്ടുകാരന്‍ കരുതുന്നത് വ്യായായ്മജീവിതം തുടര്‍ന്നിരുന്നെങ്കില്‍, ഗാന്ധി ഇത്ര പെട്ടെന്ന് മരിക്കില്ലായിരുന്നു എന്നാണ്. ഏതു കൊച്ചുകുട്ടിക്കും ഇന്നറിയാവുന്ന ഒരു പൊതു തത്വം. ഹൃദ്രോഗത്തിന് മറ്റനേകം കാരണങ്ങളുണ്ടെങ്കിലും, അതിനെ ചെറുക്കുന്നതില്‍ വ്യായാമജീവിതത്തിനുള്ള പങ്കു ഇന്ന് നിസ്തര്‍ക്കമായ വസ്തുതയാണ്. ഈ ചിന്തക്കും, ഗാന്ധിയേട്ടന്റെ മരണവാര്‍ത്തക്കും തൊട്ടു പുറമെയാണ് അമീബ ജെറി മോറിസ്സിനെപ്പറ്റി വായിക്കുന്നത്. അദ്ധ്വാനിച്ചുള്ള ജീവിതം ഹൃദയാരോഗ്യത്തിനു നല്ലാതാണെന്നു പറഞ്ഞ കൂട്ടുകാരന് ഒരു ധാരണയുമില്ലായിരുന്നു, താന്‍ ഇപ്പൊള്‍ പറഞ്ഞ പൊതുതത്വം ലോകത്തിനോട് ആദ്യമായി പറഞ്ഞത് ജെറി മോറിസ്സ് എന്ന ഈ ഇംഗ്ലിഷ് ഭിഷഗ്വരനാണെന്ന്. വ്യായാമം 'കണ്ടുപിടിച്ചയാള്‍' എന്നാണ് മോറിസ്സ് വാഴത്തപ്പെടുന്നത്.
ജെറി മോറിസ്സിന്റെ പഠനങ്ങളും കണ്ടെത്തലും ശരിയായിരുന്നെന്നതിനുള്ള ഏറ്റവും ബലമുള്ള തെളിവ് ഈ ശാസ്ത്രജ്ഞന്റെ ജീവിതം തന്നെയാണ്. അടുത്ത മെയ് മാസത്തില്‍ മോറിസ്സിന് നൂറ് വയസ്സാകും. മനുഷ്യന്റെ ആരോഗ്യ ജീവിതത്തില്‍ ഇന്നു ഏറ്റവും നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന ആ കണ്ടെത്തല്‍ മോറിസ്സ് നടത്തിയിട്ട് ഇപ്പോള്‍ ഏതാണ്ട് 60 വര്‍ഷം കഴിഞ്ഞു. 1949ല്‍ ആയിരുന്നു അത്. ക്രമാതീതമായി ലോകത്ത് ഹൃദ്രോഗങ്ങളും, ഹൃദയഘാതങ്ങളും പെരുകിയ ഒരു കാലം. എന്നാല്‍ ഇതിനെ എങ്ങനെ ചെറുക്കും എന്ന് ശാസ്ത്രജ്ഞര്‍ക്കു ഒരു ധാരണയുമില്ലായിരുന്ന കാലം.അന്ന്, ഇന്നും, ലണ്ടനിലെ ഗവേഷകനായിരുന്നു മോറിസ്സ്. ഈസ്റ്റ് എന്‍ഡിലുള്ള ലണ്ടന്‍ ഹോസ്പിറ്റലില്‍ തന്റെ ഹൃദ്രോഗ ഗവേഷണവുമായി സമയം ചെലവിടുകയായിരുന്നു അയാള്‍. 1907 മുതല്‍ 1949 വരെ ഈ ചികിത്സാലയങ്ങളിലെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുകള്‍ വായിച്ച് പഠിക്കുകയായിരുന്നു മോറിസ്സ്. എന്നിട്ടും, ഹൃദ്രോഗത്തിന്റെ മറിമായങ്ങള്‍ അദ്ദേഹത്തെയും, കൂട്ടു ഭിഷഗ്വരന്മാരേയും ഒരുപോലെ കുഴക്കി.
എന്നാല്‍, 1949ല്‍ മോറിസ്സിനെ ഒരു പഠനം പൊടുന്നനെ ആകര്‍ഷിച്ചു. ലണ്ടനിലെ ബസ് ജീവനക്കാരില്‍ നടത്തിയ ആ പഠനം ചില കൗതുകങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്നു. പൊതുവെ സമാനമായ സാഹചര്യത്തില്‍, സമാനമായ പണിചെയ്യുന്ന ആളുകളാണ് ബസ് ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും. ഇവര്‍ക്കിടയില്‍ നടന്ന ആ ബ്രഹദ് പഠനം ഒന്നു കണ്ടെത്തി: കണ്ടക്ടര്‍മാര്‍ക്ക് ഹൃദയസംബന്ധിയായ രോഗങ്ങള്‍, പ്രത്യേകിച്ചും പൊടുന്നനെയുള്ള ഹൃദയാഘാതം, ഡ്രൈവര്‍മ്മാരെ അപേക്ഷിച്ച് കുറവാണ്. എന്തു കൊണ്ടാണിങ്ങനെ എന്ന് മോറിസ്സ് ചിന്തിച്ചു.
ഇന്നു ലോകം മുഴുവനറിയുന്ന ഒരു പൊതു തത്വത്തിന്റെ തുടക്കമതായിരുന്നു. അയാള്‍ക്ക് ഒന്നു പിടികിട്ടി. കണ്ടക്ടര്‍മ്മാര്‍ ഒരു ദിവസം ഏതാണ്ട് 700ലധികം തവണ പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. മറിച്ച്, വണ്ടിയോടിക്കുന്നവര്‍ അങ്ങനെയല്ലതാനും. അവര്‍ ദിവസം മുഴുവന്‍ ഇരിപ്പാണ്. വ്യായാമവും ഹൃദ്രോഗവും തമ്മില്‍ ഒരു വിരുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നു മോറിസ്സ് അനുമാനിച്ചു. ഇന്നു നമുക്കതു വിശ്വസിക്കാന്‍ എളുപ്പമാണ്. അന്ന് അതല്ലായിരുന്നു സ്ഥിതി.
മോറിസ്സും കൂട്ടരും വീണ്ടും പഠനങ്ങള്‍ നടത്തി. ഇത്തവണ തപാല്‍ ജീവനക്കാരില്‍. അവിടെയും തഥൈവ. തപാലാപ്പീസില്‍ കുത്തിയിരിക്കു
ന്ന പോസ്റ്റല്‍ മാസ്റ്റര്‍മാരുടെ ഹൃദയങ്ങള്‍ ഇടക്കിടെ പണിമുടക്കുമ്പോള്‍, കത്തുമായി ഊരു ചുറ്റുന്ന ശിപായിമാര്‍ക്ക് അത്ര പൊടുന്നനെ ഹൃദയാഘാതം വരുന്ന വേളകള്‍ കുറവ്. കുരുന്നു പ്രായത്തിലേ, ആഴ്ചയില്‍ല്‍ നാലു മൈല്‍ നടന്നു ശീലിച്ചു വളര്‍ന്ന മോറിസ്സിന് ഈ കണ്ടെത്തല്‍ എറെ പ്രാധാന്യമുള്ളതായി തോന്നി. ഇതേ പഠനം സ്കൂള്‍ അധ്യാപകരിലും ആവര്‍ത്തിച്ചു; കൗതുകകരങ്ങാളായ ഫലങ്ങള്‍ കിട്ടുകയും ചെയ്തു. ഈ പഠനത്തിനു മുന്നില്‍ മോറിസ് വര്‍ഷങ്ങളോളം കുത്തിയിരുന്നു. ഓരോ ഭാഗവും, സാധ്യതകളും ഇഴകീറി പരിശോധിച്ചു. സാങ്കേതികവിദ്യയുടെ വരവോടെ മനുഷ്യരുടെ കായികാദ്ധ്വാനം കുറഞ്ഞത് ഹൃദ്രോഗമടക്കം വിവിധ ദുരന്തങ്ങളെ വര്‍ധിപ്പിച്ചെന്ന് മോറിസ് അനുമാനിച്ചു. ഒടുവില്‍ 1953ല്‍ പ്രസിദ്ധ മെഡിക്കല്‍ ജേര്‍ണല്‍ ലാന്‍സെറ്റില്‍ മോറിസ് തന്റെ പഠനം പ്രസിദ്ധീകരിച്ചു. അവിശ്വസനീയതയയായിരുന്നു ആദ്യത്തെ പ്രതികരണം. വ്യായാമവും, ഹൃദയരോഗങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ശാസ്ത്രലോകം അന്ന് അംഗീകരിച്ചില്ല. എന്നാല്‍ പതിയെ ലോകം ആ വസ്തുത അംഗീകരിച്ചു. പല രാഷ്ട്രങ്ങളും ജനങ്ങളുടെ ഫിറ്റ്നസ് പഠനങ്ങള്‍ പുറത്തിറക്കി. മോറിസ്സിന്റെ പഠനങ്ങള്‍ ഒരു വ്യായാമത്തിന്റെ സംസ്കാരം ലോകത്തിനു നല്‍കുകയായിരുന്നു.നൂറാം വയസ്സിലും, ചിട്ടയായ ജീവിതമാണ് മോറിസ്സ് ഡോക്ടര്‍ക്ക്. നടത്തം പതിവാണ്; ഒപ്പം മറ്റു ചില വ്യായാമങ്ങളും. വിശ്രമം ഇല്ല. പണി ധാരാളം ഉണ്ടു താനും. അടുത്തിടെ ഫൈനാന്‍ഷ്യല്‍ റ്റൈംസിനു നല്‍കിയ ഒരു അഭിമുഖത്തില്‍, ഒളിപ്പിച്ചു വച്ച കുസൃതിയോടെ, ഈ അപ്പാത്തിക്കിരി ഇങ്ങനെ പറഞ്ഞു: " ഞാനൊരു പണിക്കൊതിയനാണ്. ഇതൊരു രോഗമല്ല; മറിച്ച്, വാര്‍ധക്യത്തിലേക്ക് കടന്നു ചെല്ലാനുള്ള രസകരമായ ഒരു മാര്‍ഗം കൂടിയാണ്. ഒരു മദ്യക്കൊതിയനോ, പെണ്‍കൊതിയനോ (ഈ പ്രായത്തിലും അതൊക്കെ ഉള്ളവര്‍ ഉണ്ടെങ്കില്‍!) ആകുന്നതിലും എത്രയോ ഭേദമാണത്."
