പള്ളിക്കാര്യം ഇങ്ങിനെയാണ്. ശാസ്ത്രമായാലും സാഹിത്യമായാലും പള്ളി അല്പമൊന്നു പേടിക്കും. അതു റോമായിലെ പള്ളിയായാലും കേരളത്തിലെ പള്ളിയായാലും. ഒരു പാവം 'മതമില്ലാത്ത ജീവന്റെ' പേരിലുള്ള പള്ളിനാടകങ്ങള്‍ തീര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് പുതിയൊരു പള്ളിപ്പേടി. ആഗസ്റ്റ് 9ലെ പത്രങ്ങളൊന്നു നോക്കൂ. കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) എട്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിന്റെ അധ്യാപക സഹായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു! എന്‍എസ് മാധവന്റെ 'ഹിഗ്വിറ്റ'യ്ക്കു നല്‍കിയിരിക്കുന്ന നിരൂപണം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്' എന്ന കവിതയ്ക്ക് നല്‍കിയിരിക്കുന്ന രതിക്രിയാവ്യാഖ്യാനം അലപനീയമാണെന്നുമാണ് പള്ളിവാദം.ക്ലാസ് മുറിയിലെ അധ്യാപനത്തിന് ഒരു മാര്‍ഗദര്‍ശിയായി വര്‍ത്തിക്കുക എന്നതാണ് ഈ അധ്യാപകസഹായികളുടെ പ്രധാനലക്ഷ്യം. ഓരോ പാഠഭാഗവും തെരഞ്ഞെടുത്തതിനു പിന്നിലെ മാനദണ്ഡങ്ങള്‍, അവ പഠിപ്പിക്കുന്നതിലെ ഉദ്ദേശലക്ഷ്യങ്ങള്‍, പഠിപ്പിക്കേണ്ട രീതി, പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതല്‍ അറിവുകള്‍, തുടര്‍വായനകള്‍ക്കുള്ള പുസ്തകങ്ങള്‍, വെബ്സൈറ്റുകള്‍ എന്നിവ പരിചയപ്പെടുത്തുകയാണ് എല്ലാ അധ്യാപക സഹായികളും പൊതുവില്‍ ചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ അവ അധ്യാപകനെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്, അല്ലാതെ കുട്ടികള്‍ക്കുള്ളതല്ല. അധ്യാപക സഹായികളില്‍ പറയുന്നവ വെള്ളം തൊടാതെ വിഴുങ്ങണമെന്നോ ക്ലാസില്‍ അതേപോലെ പഠിപ്പിക്കണമെന്നോ പൊതുവിദ്യാഭാസ ഡയറക്ടര്‍പോലും പറയുന്നില്ല. അദ്ദേഹം ഈ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പിന്റെ അവസാന ഖണ്ഡിക നോക്കൂ: "കൂടുതല്‍ അവധാനതയോടെ ഭാഷാപഠനത്തെ സമീപിക്കാന്‍ ഈ അധ്യാപകസഹായി ഗുണകരമാവുമെന്നു കരുതുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ക്കൊപ്പം കൂടുതല്‍ അന്വേഷണങ്ങളും സര്‍ഗാത്മകതയും പ്രയോജനപ്പെടുത്തി ക്ലാസ്മുറികള്‍ സജീവവും അര്‍ത്ഥവത്തുമാക്കാന്‍ കഴിയണം (പുറം 3)."
പക്ഷേ പള്ളിക്കെന്തിനാ നാനാഴി? 'ഹിഗ്വിറ്റ'യ്ക്കു നല്‍കിയിരിക്കുന്ന നിരൂപണം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാണെല്ലോ കൌണ്‍സിലിന്റെ വാദം. അധ്യാപക സഹായിയുടെ 125ം പേജിലാണ് മേല്‍പ്പറഞ്ഞ നിരൂപണം തുടങ്ങുന്നത്. നിരുപണം അവസാനിക്കുന്നിടത്ത് മാതൃഭാഷ മലയാളം-മാതൃഭൂമി ആഴ്ചപതിപ്പ് എന്ന് എഴുതി വച്ചിട്ടുമുണ്ട്. അതായത്, പ്രസ്തുത നിരൂപണം മാതൃഭൂമി ആഴ്ചപതിപ്പില്‍ മുന്‍പ് പ്രസിദ്ധീച്ചതാണെന്ന്. അതിനുശേഷം അധ്യാപകരോട് നിരുപണ രീതി പരിചയപ്പെടാനും പ്രസക്തമായ ആശയങ്ങള്‍ സംഗ്രഹിച്ച് എഴുതാനുമാണ് പറഞ്ഞിരിക്കുന്നത്. ഉറൂബിന്റെ 'പടച്ചോന്റെ ചോറ്' എന്ന കഥയിലെ മൗലവി എന്ന കഥാപാത്രത്തെ എങ്ങിനെ സമീപിക്കാമെന്ന ധാരണ രൂപപ്പെടുത്താനാണിതെന്ന് പുസ്തകത്തില്‍ത്തന്നെ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്.
ഇനി നിരൂപണത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഭാഗമൊന്ന് വായിച്ചുനോക്കാം: "ബൈബിളില്‍ നിന്ന് പുറത്തുകടന്നാലല്ലാതെ അയാളുടെ ഏകാന്തതയ്ക്ക് അറുതിയുണ്ടാവില്ല. അയാള്‍ ലോഹയാലും ജപമാലയാലും ബന്ധിക്കപ്പെട്ടിരിക്കയാണ്. ലൂസിയുടെ സാമിപ്യം അയാളുടെ നിശ്ചയങ്ങളെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. പിതാവിന്റെ മരണം, പരീക്ഷയിലെ തോല്‍വി എന്നീ ലൗകിക പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടാന്‍ സ്വയം സ്വീകരിച്ച ആസ്തിക്യം അയാള്‍ക്ക് തടവറയായി. ലൂസിയില്‍ നിന്നുള്ള ഒഴിഞ്ഞു മാറലുകളെല്ലാം തന്നെ അവളോട് അടുക്കാനുള്ള പ്രേരണയില്‍നിന്നു ഉടലെടുത്ത ഒളിച്ചോട്ട ശ്രമങ്ങളാണ്. ഇവിടെയാണ് ഹിഗ്വിറ്റ അയാള്‍ക്ക് ആശ്രയമാകുന്നത്. ഗോളിയായിരിക്കുമ്പോള്‍ തന്നെ ഗോളിയുടെ പരിമിതികള്‍ ലംഘിക്കാന്‍ കഴിയുമെന്ന് ഗീവര്‍ഗീസച്ചന്‍ തിരിച്ചറിയുന്നു. ഗോളി എപ്പോഴും തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊള്ളണമെന്നില്ല. ഗോളിക്ക് കളിക്കളത്തിലെ മറ്റുള്ളരെപ്പോലെ പെരുമാറി തന്റെ ഉശിരു തെളിയിക്കാം. ഒരുപക്ഷെ, അത് സഭയുടെ പരാജയത്തിന് വഴിതെളിച്ചേക്കാം" (പുറം 127).
മുകളില്‍ നല്‍കിയ ഖണ്ഡികയായിരിക്കണം മെത്രാന്‍മാരെ പ്രകോപിപ്പിച്ചത്. നിക്കോസ് കസാന്‍ദ്സാക്കിസ് 'ദി ലാസ്റ്റ് ടെംപ്റ്റേഷന്‍' എന്ന നോവലില്‍ യേശുവിന്റെ അന്ത്യപ്രലോഭനത്തെക്കുറിച്ചു പറഞ്ഞതുപോലൊരു രീതിയാണ് ഇവിടെ കേവലമൊരു കഥാപാത്രവിശകലനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഗീവര്‍ഗീസച്ചന് ലൂസി മറണ്ടി എന്ന ആദിവാസി പെണ്‍കുട്ടിയോട് ഉള്ളിന്റയുള്ളില്‍ സ്നേഹം തോന്നിയെന്നു പറയുന്നത് ആരുടെ മതവികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നത്? വൈദികര്‍ സ്നേഹത്തിലാകുന്നതും വിവാഹം ചെയ്യുന്നതും പുതിയ കാര്യം വല്ലതുമാണോ? ഇത് വെറുമൊരു നിരീക്ഷണം മാത്രമല്ലേ? അല്ലാതെ യഥാര്‍ത്ഥ കഥയിലെവിടെയാണ് അച്ചന്റെ സ്നേഹപ്രകടനമുള്ളത്. അച്ചന്‍ പ്രതികരിക്കുന്നുവെന്നത് ധാര്‍മികരോഷം കൊണ്ടാണോ അതോ സ്നേഹം കൊണ്ടാണോ എന്നുള്ളത് വായനക്കാരന്‍ തീരുമാനിക്കുന്നതില്‍ എന്താണു തെറ്റ്? മലയാളം അധ്യാപകരെല്ലാം ബിഷപ്പുമാരെപ്പോലെ ആദ്യമായി അധ്യാപകസഹായിയില്‍ നിന്നാണ് ലേഖനങ്ങള്‍ വായിക്കുക എന്നാണോ കെസിബിസി കരുതുന്നത്? അല്ലങ്കില്‍, കേരളത്തിലെ മൊത്തം ഹൈസ്കൂള്‍ മലയാളം അധ്യാപകരേക്കാള്‍ വായനക്കാരുള്ള മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പേള്‍ തന്നെ പ്രക്ഷോഭവുമായി ഇറങ്ങാമായിരുന്നില്ലേ?
ഇനി 'കന്നിക്കൊയ്ത്തി'നെക്കുറിച്ചുള്ള പി സോമന്റെ പഠനമെടുക്കാം. പുസ്തകം തയ്യാറാക്കിയവരുടെ കൂട്ടത്തിലോ അതിനു നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലോ അദ്ദഹത്തിന്റെ പേരില്ലാത്തതുകൊണ്ട് ഇതും മറ്റെവിടെ നിന്നോ എടുത്തുചേര്‍ത്തതാണെന്നു വ്യക്തം. കവിതയ്ക്കു രതിക്രിയാവ്യാഖ്യാനം നല്‍കി എന്നു കെസി ബിസി പറയുന്ന ഭാഗം നോക്കൂ: "വയല്‍ സ്തീയും കൃഷിക്കാരന്‍ പുരുഷനും അവരെ ബന്ധിപ്പിക്കുന്ന കലപ്പ ലിംഗവും വിത്ത് ബീജവുമാണ് പ്രാചീന മിത്തുകളില്‍. അതുകൊണ്ട് ദാമ്പത്യ ജീവിതം വയലേല തന്നെ. അതില്‍ കണ്ണീര്‍ നിറയുന്നത് ദാമ്പത്യ ജീവിതത്തില്‍ തകര്‍ച്ച സംഭവിക്കുമ്പോഴാണ്" (പുറം 104).
ഇവിടെ മിത്തുകളില്‍ പറഞ്ഞിരിക്കുന്നത് ക്രോഡീകരിച്ച് അതുമായി പാഠഭാഗവുമായി സാമ്യത ആരോപിക്കുവാന്‍ ശ്രമിക്കുകയാണ് ലേഖകന്‍. അല്ലാതെ ഇത് ലേഖന്റെ പുതിയ കണ്ടുപിടുത്തമൊന്നുമല്ല. കൂടാതെ ഈ ലേഖനം പരാമര്‍ശിക്കാതെയാണ് അതിനുമുന്‍പും പിന്‍പും ചര്‍ച്ച പുരോഗമിക്കുന്നത്. മാത്രമല്ല ഇത് അധ്യാപനത്തിന് ഉപയോഗിക്കാന്‍ നിര്‍ദ്ദശിച്ചിട്ടുമില്ല. അധ്യാപകരെ സാഹിത്യാസ്വാദനത്തിന് കൂടുതല്‍ പ്രാപ്തരാക്കാം എന്നതായിരിക്കണം ഈ ലേഖനം ഇവിടെ ചേര്‍ത്തിരിക്കുന്നതിന്റെ ഉദ്ദേശ്യം. അല്ലാതെ സഭ കരുതുന്നതു പോലെ, സ്തീപുരുഷ സംയോഗത്തിനു തുല്യമാണ് മണ്ണിലെ കൃഷി എന്നുപറഞ്ഞ് 13 വയസ്സുകാരനെ വഴിതെറ്റിക്കാനല്ല.
വാല്‍ക്കഷണങ്ങള്‍: കെസിബിസിയുടെ ആഹ്വാനം അച്ചടിച്ചുവന്ന അന്നു തന്നെ പത്രങ്ങളില്‍ മറ്റൊരു വാര്‍ത്തയും വന്നു. ബ്രിട്ടണില്‍ സഭാശുശ്രൂഷ നടത്തിയ കാലത്ത് ആണ്‍കുട്ടികളെ ലൈംഗികമായി ദൂരുപയോഗപ്പെടുത്തിയ കുറ്റത്തിന് കലിഫോര്‍ണിയക്കാരനായ ജയിംസ് റോബിന്‍സണ്‍ എന്ന മുന്‍ വൈദികനെതിരെ വെസ്റ്റ് മിഡ്‍ലാന്‍ഡ്സ് പൊലീസ് കേസെടുത്തു.
പണ്ടു ബയോളജി പാഠപുസ്തകത്തില്‍ ലൈംഗികപ്രജനനത്തെക്കുറിച്ച് ഒരു ഭാഗമുണ്ടായിരുന്നു. പുംബീജവും അണ്ഡവും ചേര്‍ന്ന് സിക്താണ്ഡമുണ്ടാകുന്നുവെന്നാണ് അതില്‍ പറഞ്ഞിരുന്നതിന്റെ രത്നചുരുക്കം. അല്ലാതെ ബാഹ്യലൈംഗികാവയവങ്ങളുടെ പരിച്ഛേദചിത്രങ്ങളോ വര്‍ണ്ണനകളോ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും പല ബയോളജി അധ്യാപകരും ആ പാഠം കുട്ടികളോട് സ്വന്തമായി വായിച്ചോളാനായിരുന്നു പറഞ്ഞിരുന്നത്.
വിവാദ അധ്യാപനസഹായിക്കായി താഴെയുള്ള ലിങ്ക് കണൂ:
http://www.itschool.gov.in/hbpdf/Std_VIII/Malayalam/HB%20PDF%20Mal%20VIII.pdf
ജിപ്സന്‍ ജേക്കബ്
