I am large,I contain multitudes
Walt Whitman (Song of Myself)
വിഎസ് അച്യുതാനന്ദന്റെ സാംസ്കാരിക വിപ്ലവം ഇവിടെ അവസാനിക്കുകയാണ്. പതിറ്റാണ്ടുകളുടെ ആ പടയോട്ടത്തിനിടയില്‍ വിഎസിന്റെ വിവിധ ഭാവങ്ങള്‍ മലയാളികള്‍ ഇതിനകം തന്നെ കണ്ടു കഴിഞ്ഞു: എംവി രാഘവനെതിരെ പിണറായി വിജയനെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ടി സെക്രട്ടറി, ഒരു കാലത്തെ ശക്തമായിരുന്ന സിഐറ്റിയു ലോബിയെ ഗ്രൂപ്പു കളിച്ചു അട്ടിമറിച്ച എല്‍ഡിഎഫ് കണ്‍വീനര്‍, പാര്‍ടിയുടെ പരമ്പരാഗത വഴക്കത്തിനപ്പുറത്തുള്ള സമര രീതികളെ പിന്തുണയ്ക്കുകയും ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതു വഴി വന്‍ ജനപ്രീതി നേടിയ പ്രതിപക്ഷനേതാവ്, ഒടുവില്‍ പാര്‍ടി സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പിനെ വെട്ടിനിരത്തി മുഖ്യമന്ത്രിയായ പോരാളി...
ഇപ്പോള്‍, 86-ം വയസില്‍, ഉള്‍പാര്‍ടി പോരില്‍ എന്നന്നേക്കുമായെന്നവണ്ണം പരാജയപ്പെട്ട് സാംസ്കാരിക വിപ്ലവത്തിന്റെ അവസാന കാലത്തെ മാവോയെ പോലെ പാര്‍ടിയില്‍ തനിച്ചാക്കപ്പെട്ട വിഎസ് ഇനിയെന്തു ചെയ്യും? അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് താന്‍ ഉയര്‍ത്തികൊണ്ടു വന്ന രാഷ്ട്രീയ വിഷയങ്ങളുമായി ജനങ്ങളിലേക്കിറങ്ങുമെന്നു വിശ്വസിക്കാന്‍ ന്യായങ്ങളില്ല. വിഎസിന്റെ ചരി്ത്രം മറി്ച്ചാണ്. ചരിത്രത്തിനു കുറുകെ പോകാനുള്ള ആര്‍ജവവും ഊര്‍ജവും ഒരു കാലത്തും വിഎസ് കാണിച്ചിട്ടില്ല. മാത്രമല്ല, പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങള്‍ അദ്ദേഹം തന്നെ എപ്പോഴേ കൈവിട്ടു. അങ്ങനെ പാതി വഴിയിലുപേക്ഷിക്കപ്പെട്ട സമരങ്ങള്‍ കൊണ്ട് പണിതീര്‍ത്ത ജീവിതമാണ് വിഎസ്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിഎസിന്റെ ശ്രദ്ധ മുഴുവനും ലവാലിന്‍ കേസിലായിരുന്നു; ലക്ഷ്യം പിണറായി വിജയന്റെ നിഷ്കാസനവും. പക്ഷേ, ലക്ഷ്യം പാളിയെന്നു മാത്രമല്ല, സ്വന്തം നീക്കങ്ങള്‍ തിരിച്ചടിക്കുക കൂടി ചെയ്തു. ഒടുവില്‍ പരാജയമൊരുക്കുന്ന മുഷിഞ്ഞുകനത്ത നിശബ്ദതയിലാണ് അദ്ദേഹമിപ്പോള്‍.
ആ വന്‍വീഴ്ച്ചയിലും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നുണ്ട്. ഉള്‍പാര്‍ടി സമരത്തില്‍ വിഎസ് എന്ന വ്യക്തിയുടെ പരാജയത്തെ വിജയന്റെ പരിപൂര്‍ണ വിജയമായി കാണാമോ? ഉത്തരം തരുന്നതു വിജയന്‍ മാഷാണ്. 2006ല്‍ തനിക്കു നിയമസഭ സീറ്റു നിഷേധിച്ച പാര്‍ടി തീരുമാനത്തെ അംഗീകരിക്കാന്‍ വിമുഖത കാണിച്ച വിഎസിന്റെ നിലപാട് അധികാരക്കൊതിയല്ലെ എന്നു ചോദിച്ചപ്പോള്‍, എംഎന്‍ വിജയന്‍ പറഞ്ഞത് ആ സീറ്റ് ഒരു പ്രതീകമായിരുന്നുവെന്നാണ്. അതുപോലെ, ഉദാരവത്കരണ കാലത്തെ മലയാളിയുടെ മുന്നില്‍ ഒരു പ്രതീകമായാണ്, നിലപാടായാണ് വിഎസ് വളര്‍ന്നത്. ചുറ്റിലുള്ള സകലതും മാറുമ്പോള്‍, പ്രസ്ഥാനത്തെ കുറിച്ചും, ജീവിതത്തെ കുറിച്ചുമെല്ലാം ആശങ്കകള്‍ പരക്കുമ്പോള്‍, വിഎസിന്റെ രാഷ്ട്രീയ ശൈലിയാണ് ശരിയായതെന്നും, വിഎസ് ഉയര്‍ത്തിയ പ്രശ്നങ്ങളാണ് ശരിയായ പ്രശ്നങ്ങളെന്നും മലയാളി ധരിച്ചത് നൈസര്‍ഗികമായ ഒരു ചരിത്ര പകര്‍ച്ചയായിരുന്നു. അതു കൊണ്ടാവാം വിഭാഗീയതയുടെയും, വെട്ടിപ്പിടിക്കലിന്റേയും, പകയുടേയുമെല്ലാം ചരിത്രമുള്ള ഒരു സിപിഎം നേതാവിനെ മലയാളികള്‍ മറ്റാരേക്കാളുമധികമായി നെഞ്ചേറ്റിയത്. ഈ സാമൂഹികശാസ്ത്രം മനസിലാക്കാന്‍ കഴിയാതിരുന്നിടത്താണ് പിണറായി വിജയന്‍ പരാജയപ്പെട്ടതും.
അതിങ്ങനെയാണ്. വിഎസ് എന്ന 'വ്യക്തി' വിപ്ലവപ്രവര്‍ത്തനത്തെ നിയമയുദ്ധമാക്കി മാറ്റിയപ്പോഴും വിഎസ് എന്ന 'നിലപാട്' ജനങ്ങള്‍ക്കിടയില്‍ നീ്ണ്ടുനിവര്‍ന്നു നിലനിന്നു. അത് സര്‍വ്വവും തീറെഴുതിത്തള്ളുന്ന ഉദാരവത്കരണത്തിനെതിരായ നിലപാടായാണ് ജനം കണ്ടത്; നവലിബറല്‍ വികസന സങ്കല്പത്തിനെതിരായ ഒരു മുറിച്ചുരികയങ്കം. അതു ഭൂമാഫിയയെയും, റിയല്‍ എസ്റ്റേറ്റ് ലോബിയെയും, അഴിമതിയെയും പറന്നുവെട്ടി. ഒരിടത്തു കരുണാകരന്റെ ഡിഐസിയുടെ ശിരസ്സരിഞ്ഞു. മറ്റൊരു കോണില്‍ സിപിഎം മുസ്ലിം ലീഗുമായി കൈ കോര്‍ക്കുന്നതിനെ പരിചക്കു മുട്ടി. ഈ രാഷ്ട്രീയാടവുകളോട് അനുഭാവപൂര്‍വം പ്രതികരിക്കാന്‍ വിജയനോ, അദ്ദേഹം നേതൃത്വം നല്‍കുന്ന ഗ്രൂപ്പിനോ, കഴിയില്ലെന്ന ഭീതിയില്‍ നിന്നായിരിക്കാം കേരളത്തില്‍ വിഎസ് എന്ന വിഗ്രഹം സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ, സംഘടനാപരമായി വിഎസിനെ ഇല്ലാതാക്കിയാലും അദ്ദേഹം ഉയര്‍ത്തിക്കൊണ്ടു വന്ന നിലപാടുകള്‍ വിജയന്‍ എന്ന റ്റോട്ടാലിറ്റിക്കു മുന്നില്‍ വെല്ലുവിളിയായി ഉയരുക തന്നെ ചെയ്യും. ചുണ്ടുകളുള്ള ഒരു മുറിവുപോലെ.
അഴിമതിയുടെ കാര്യം തന്നെയെടുക്കുക. സ്വന്തം അണികളെ പോലും ലവാലിന്‍ വിഷയത്തില്‍ പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ പറ്റിയിട്ടില്ലാത്ത പാര്‍ടി ഏതു വൈരുധ്യാത്മകതയുടെ വിശദീകരണവുമായാണ് വിഎസിനെതിരെയുള്ള ഈപ്പോഴത്തെ നടപടിക്കു ശേഷം ജനങ്ങളെ സമീപിക്കാന്‍ പോകുന്നത്? ഇതിലും കനത്തതായിരിക്കും ഒരു കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കമ്മ്യുണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ ചിത്രം പ്രസ്ഥാനത്തിനേല്പിക്കാന്‍ പോകുന്ന ആഘാതം. മറക്കാന്‍ പാടില്ലാത്ത മറ്റൊരു വസ്തുത മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസിനെ ഒറ്റപ്പെടുത്താനുള്ള വിജയന്‍ ഗ്രൂപ്പിന്റെ നീക്കങ്ങളെല്ലാം തത്വത്തില്‍ പാര്‍ടിക്കും സര്‍ക്കാരിനുമെതിരെ ജനവികാരം സൃഷ്ടിക്കുന്നതിലേക്കാണ് വഴി വച്ചത് എന്നതാണ്. പാര്‍ടി പരിപാടികള്‍ക്കോ എല്‍ഡിഎഫ് യോഗത്തിനു പോലുമോ ക്ഷണിക്കപ്പെടാത്ത ഒരു മുഖ്യമന്ത്രിക്ക് സര്‍ക്കാരിനെ കാര്യക്ഷമമായി നയിക്കാന്‍ പറ്റുമോ? ഒരു ജൂനിയര്‍ മന്ത്രി പാര്‍ടിയില്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണ വീഴ്ചകള്‍ പെരുകുകയേ ഉള്ളൂ.
വിഎസിന് ഇനി വരാനുള്ളത് ഒറ്റപ്പെടലിന്റെയും അവഗണനയുടേയും കാലം. പിണറായിക്ക് വെല്ലുവിളികളുടേതും. അഴിമതിക്കാരന്‍ എന്ന പ്രതിച്ഛായയും, കലിപൂണ്ടു കാത്തിരിക്കുന്ന തെരഞ്ഞെടുപ്പു പരാജയങ്ങളും കൈമുതലായുള്ള ഒരു അച്ചടക്കവാദി എങ്ങിനെ പാര്‍ടിയെ നയിക്കും എന്നതാണ് ഇനി കാണേണ്ടത്. വിഎസ് ഗ്രൂപ്പുകാര്‍ എന്നറിയപ്പെടുന്നവരെ വിജയന്‍ ഇനി എന്തു ചെയ്യും? പാര്‍ടിയുടെ താഴേത്തട്ടു വരെ വ്യാപിച്ചിരിക്കുന്ന വിഭാഗീയതയും അമര്‍ഷവും ഇനി എന്തായി പരിണമിക്കും? ഇങ്ങിനെ ഒരു പാട് ചോദ്യങ്ങള്‍ അങ്കം ജയിച്ച പിണറായിയെ കാത്തിരിക്കുന്നുണ്ട്. വി എസ് എന്ന നിലപാടിനു പുറമെ.
