
ഡ്രില്‍ പിരിയഡില്‍
കള്ളനും പൊലീസും കളിച്ചിരുന്നപ്പോള്‍
പൊലീസുകാരുടെ കയ്യിലെ
ലാത്തിയായിരുന്നു.
ഉണങ്ങിയ കമ്പെടുത്ത്
ഈര്‍ക്കില്‍ കൊണ്ടു തുളച്ച്
അറ്റം കത്തിച്ചു വലിച്ചതാവണം
ആദ്യത്തെ നിയമലംഘനം.
മുറിച്ചുവപ്പില്‍
ഇലച്ചാറു പിഴിഞ്ഞിറ്റിച്ചപ്പോള്‍
ഇറച്ചിയെ
പുകച്ചിലോടെ ഉണക്കിയിരുന്നു.
ഉഴുതിട്ട വയലില്‍
വളക്കൂറു ചേര്‍ക്കാന്‍
കെട്ടുകെട്ടായി
വന്നെത്തിയതോര്‍മയുണ്ട്.
കൂട്ടു വേണ്ടാത്ത കളികളും
ശരീരദോഷമില്ലാത്ത ശീലങ്ങളും
മുറിവു പറ്റാത്ത തൊലിയും
വഴിപോക്കര്‍ വിത്തിറക്കുന്ന വയലുകളും
വരാനുണ്ടെന്ന വെളിപാടിലാവണം
പണ്ടുള്ളവര്‍
പച്ച നിറത്തിലുള്ള
ഒരു പാവം ചെടിയെ
രാഷ്ട്രീയമായി
നാമകരണം ചെയ്തിട്ടുണ്ടാവുക
ടിപി വിനോദിന്റെ 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന കവിതാ സമാഹാരത്തില്‍ നിന്ന്
