നിറയൊഴിക്കാനോ, കുത്തിമലര്‍ത്താനോ,എന്തിനാണ് റൈഫിളുകള്‍?
വെയില്‍വന്നുരുമ്മുമ്പോള്‍
മിന്നിവിളങ്ങുന്ന ബയണറ്റിനെ
നിങ്ങള്‍ കണ്ടുകാണും.
ചോദിക്കാം നമുക്ക്,
ആളുതിങ്ങിയ കവലയില്‍
ഉയര്‍ത്തിയ തുപ്പാക്കിയുമായ്
നില്‍ക്കുന്ന ഈ ഘനമുഖന്‍
സൈനികനോട്.
കടന്നുപോകുന്നവരെ
കനപ്പിച്ചുനോക്കിയിരിപ്പാണയാള്‍.
ചിലപ്പോള്‍, ഇപ്പോളല്ല,
മറ്റൊരിക്കല്‍,
അയാള്‍ ഒരു ഒരു തരുണന്റെ,
കച്ചയുടുത്ത തലനരച്ച ഒരു വ്രുദ്ധന്റെ
ഒരു സ്കൂള്‍കുട്ടിയുടെ
അങ്ങനെ ആരുടെയെങ്കിലും
നെഞ്ചു തകര്‍ത്ത് നിറയൊഴിക്കും,
അയാളോടു ചോദിക്കുന്നത് അത്ര
പന്തിയല്ല.
നമുക്കു ചോദിക്കാം,
ചുളിഞ്ഞനെറ്റിയും,
ചോരക്കറപുരണ്ട ഓര്‍മ്മകളുമുള്ള
ഈ രണ്ടാം ലോകയുദ്ധത്തിന്റെ
ജപ്പാന്‍ ജവാനോട്.
അയാള്‍ പറയും:
"നിരായുധര്‍ക്കു നേരെ നിറയൊഴിക്കുന്നതില്‍
ഒരു രസവുമില്ല, അതു വേഗം മടുക്കും.
പിള്ളകള്‍ക്കും, പെണ്ണുങ്ങള്‍ക്കും
ബയണറ്റാണു നല്ലത്."
എല്ലാ സൈനികനും,
സിംഹള, തമിഴ്, ജര്‍മ്മന്‍,
തന്റെ റൈഫിളുമായി ഒരു
ആയുഷ്ക്കാലബന്ധം തുടങ്ങുന്നു.
ആ മൂലയില്‍ നില്‍ക്കുന്ന പട്ടാളക്കാരനെയൊ,
കൂട്ടാളികളെയൊ നോക്കൂ,
അതു ബോധ്യമാകും.
തങ്ങളുടെ റൈഫിളിനെ അവര്‍
പ്രിയപിറാവിനെ, ഓമനക്കുഞ്ഞാടിനെയെ-
ന്നപോല്‍ തഴുകുന്ന കാണൂ.
അയാള്‍ കാഞ്ചിവലിക്കുമ്പോള്‍
നിങ്ങള്‍ കരുതും
തന്റെ ഭരണകൂടത്തോട് അയാള്‍
കൂറുകാട്ടുകയാണെന്ന്.
അല്ല തന്നെ.
അയാള്‍ക്കു കൊടുക്കുന്ന
തീറ്റയും കുടിയും കാപ്പിക്കാശും
ഒന്നും തന്നെ
അയാളെ അധികം അങ്ങനെ
ഇവിടെ നിറുത്തില്ല നിശ്ചയം.
ചേരന്‍
തമിഴ് കവിയും പത്രപ്രവര്‍ത്തകനും. ജാഫ്നയിലാണ് ജനിച്ചത്. കവിതകള്‍ ഒരുപാടു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ തമിഴ് പ്രതിരോധകവിതാസമാഹാരമായ 'We'll Live Amidst Death'ന്റെ ഏഡിറ്ററായിരുന്നു.
