ജേര്‍ണലിസത്തിലെ ഒരു നിയമം തെറ്റിച്ചാണ് ഈ ലേഖനത്തിന്റെ തലവാചകം കൊടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഷേക്സ്പിയര്‍ നാടകങ്ങള്‍ പഠിക്കുന്ന കാലത്ത് ഓക്സിമറോണുകളെപ്പറ്റി (oxymorons) കേട്ടിരുന്നു. വിരുദ്ധാര്‍ത്ഥം സ്ഫുരിക്കുന്ന വാക്കുകള്‍ ചേര്‍ത്തുവച്ചുണ്ടാക്കുന്ന പദക്കൂട്ടം. ജേര്‍ണലിസത്തില്‍ വിലക്കപ്പെട്ട കനിയാണിത്. പക്ഷെ, ഇന്ത്യന്‍ മണ്‍സൂണിന്റെ വേഷ-ഭാവപ്പകര്‍ച്ചകളെപ്പറ്റിയും, അതു രാജ്യത്തെ കര്‍ഷകരില്‍ ഉണ്ടാക്കുന്ന ദുരന്തത്തെയും പറ്റിയെഴുതുമ്പോള്‍ വിരുദ്ധോക്തിയാണ് നല്ലത്.അതിനു മാത്രമെന്തുണ്ടായി എന്നു പറയാം. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, വരാന്‍ വൈകുന്ന കാലവര്‍ഷത്തെപ്പറ്റിയുള്ള ആശങ്കയായിരുന്നു ഇന്ത്യയുടെ വടക്ക്, കിഴക്കു ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നത്. ഇതെഴുതുമ്പോള്‍ ഈ ഭാഗങ്ങളിലെല്ലാം കനത്ത മഴയാണ്. കാലവര്‍ഷം വരുന്നില്ലെന്നും, വരള്‍ച്ച ആസന്നമാണെന്നും മുറവിളികൂട്ടിക്കൊണ്ടിരുന്ന സര്‍ക്കാര്‍, പത്ര കേസരികളും ഇപ്പോള്‍ ഹാപ്പി: മഴ വന്നല്ലോ.
അതു മാത്രം മതിയൊ? ഇവിടെയാണ് ഇന്ത്യയിലെ പാരിസ്ഥിതിക സാഹചര്യത്തെക്കുറിച്ച് പത്രങ്ങള്‍ക്കും, ഭരണാധികാരികള്‍ക്കുമുള്ള അജ്ഞത പെയ്തിറങ്ങുന്നത്. വരാന്‍ വൈകിയ മഴ എങ്ങനെയുമെങ്കിലൊന്ന് എത്തിയാല്‍ തീരുന്നതല്ല കര്‍ഷകരുടെ പ്രശ്നങ്ങള്‍. "മഴ ഇങ്ങനെ ഇടക്കിടെ അപ്രത്യക്ഷമാകന്നത് അപകടകരമാണ്. അതു കര്‍ഷകരെ കൃഷിയുപേക്ഷിച്ച് നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കും, അല്ലാത്തവരെ പലിശക്കാരുടെ കയ്യിലേക്കെറിഞ്ഞു കൊടുക്കും. വിളകള്‍ വെള്ളമില്ലാതെ നശിക്കുമ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ തങ്ങളുടെ ഏക ആശ്വാസമായ കാലികളെയും വില്‍ക്കും. ഇത് കെടുതികളുടെയും നിരാശ്രയത്വത്തിന്റെയും ഒരു ചാക്രികസംക്രമണത്തിന്റെ തുടക്കമാകും," പരിസ്ഥിതിപ്രവര്‍ത്തക സുനിത നരേന്‍ എഴുതുന്നു. മഴവരവിന്റെ രാഷ്ട്രീയവും, സാമൂഹികശാസ്ത്രവും അങ്ങനെയാണ്.
മാത്രവുമല്ല, വരുന്ന മഴതന്നെ ഒരു വശപ്പിശകു പെയ്ത്താണ്. ഇത്തവണ കാലവര്‍ഷം പലയിടത്തും, കേരളത്തിലും, അതിഭീകരമായിരുന്നു. പഠനങ്ങള്‍ പറയുന്നത്, പൊതുവില്‍ മഴയുടെ വരവിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും, എന്നാല്‍, കനത്ത മഴ പെയ്യുന്ന സന്ദര്‍ഭങ്ങള്‍ കൂടുന്നുവെന്നുമാണ്. പലപ്പോഴും മൊത്തം മഴയുടെ കണക്കെടുക്കുമ്പോള്‍ ഇതു മനസിലാകില്ല. എന്നാല്‍, ഒന്നു വകുപ്പു തിരിച്ചു നോക്കിയാല്‍ ഇതു വ്യക്തമകും. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, നമുക്കു ഗുണമുള്ള മഴ കുറയുന്നു, കലാപകാരിയായ പെയ്ത്ത് കൂടിവരുന്നു.
എന്തുകൊണ്ടാണിങ്ങനെ? ഇതൊരു പുതിയ കാര്യമല്ല. ആഗോളതാപനത്തെയും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളെയും കുറിച്ചു പഠിക്കുന്ന നരേനെപ്പോലെയുള്ളവര്‍ ഒരുപാടുകാലമായി ഇതു പറയുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ കാലവര്‍ഷത്തെ ബാധിക്കുന്ന വിധം ഒരുപാടുപേര്‍ പഠിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, മാര്‍ച്ച് 2007ല്‍ ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതടത്തില്‍ പഠനം നടത്തിയ ശേഷം ചില കണ്ടെത്തലുകള്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ കാലവര്‍ഷത്തിന്റെ വരവിലും പോക്കിലും പെയ്ത്തിലും വന്ന മാറ്റങ്ങള്‍ രാജ്യത്തു പലയിടത്തും കനത്ത വരള്‍ച്ചയും, അതിനിശിതമായ വെള്ളപ്പൊക്കവും വരുത്തി വയ്ക്കുമെന്നായിരുന്നു ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. "നമ്മുടെ സുജലഭാവിയെ ഇത് എങ്ങനെ ബാധിക്കുമെന്നു ഒന്നു ചിന്തിക്കൂ: പേമാരി, പെയ്തു തകര്‍ത്ത്, കലക്കിയൊഴിഞ്ഞു പോകുന്ന പേമാരി; അതു കര്‍ഷകര്‍ക്കായി ഒരു തുള്ളിപോലും ബാക്കി വക്കുന്നില്ല; ഒപ്പം ഭൂഗര്‍ഭജല ഉറവിടങ്ങളെ പുഷ്ടിപ്പെടുത്തുന്നുമില്ല," സുനിത നരേന്‍ എഴുതുന്നു.
അതാണ് അടുത്ത സങ്കടം. രാജ്യത്തെ ഭൂഗര്‍ഭജലനിരപ്പ് പലവിധത്തിലുള്ള ചൂഷണങ്ങള്‍ കൊണ്ട് മലിനമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം വന്ന ഒരു പഠനം നോക്കാം: ഇന്ത്യയുടെ വടക്കു, വടക്കു-കിഴക്കന്‍ മേഖലകളില്‍ ഒരു വര്‍ഷം ഏതാണ്ട് 54 ക്യുബിക് കിലോ മീറ്റര്‍ ഭൂഗര്‍ഭജലം നഷ്ടമാകുന്നുണ്ട് എന്നാണ് കണക്ക്. ഇതു രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ ഭക്രാനംഗനലിന്റെ അഞ്ചിരട്ടിയോളം വരും. കിഴക്കന്‍ പാകിസ്താനില്‍ തുടങ്ങി, ഇന്ത്യയിലൂടെ കടന്ന്, ബംഗ്ലാദേശില്‍ എത്തിനില്‍ക്കുന്ന ഏതാണ്ട് 2,000 കിലോ മീറ്റര്‍ വരുന്ന ഈ ഭൂഭാഗത്തുനിന്നാണ് ഇത്രയും ഭീമമായ ഭൂഗര്‍ഭ ജലനഷ്ടം സംഭവിക്കുന്നത്. ഇതൊരു സാധാരണ പഠനമല്ല. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും, ജര്‍മ്മന്‍ എയറോസ്പേസ് സെന്ററും ചേര്‍ന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പു നടത്തിയ ഒരു ഉപഗ്രഹപഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്.
ചുരുക്കം പറഞ്ഞാല്‍, മഴ വരുന്നില്ലെങ്കില്‍, വന്ന മഴ അലറിപ്പതഞ്ഞുപോകുന്നുണ്ടെങ്കില്‍, പതിവു കാല്പനിക മഴമുക്തകങ്ങള്‍ക്കു പകരം, രണ്ടു വരി ചരമഗീതം കൂടി എഴുതാനുള്ള കോപ്പ് നമ്മുടെ കവികള്‍ ആര്‍ജ്ജിക്കേണ്ടി വരുന്നു. കാരണം: വെള്ളമില്ല. മുകളിലും, താഴെയും. ആ ചരമഗീതത്തില്‍ ഷേക്സ്പീരിയന്‍ ഓക്സിമൊറോണുകള്‍ തീര്‍ച്ചയായും ചേരും.
