വൈരുധ്യങ്ങളെക്കുറിച്ചാണ്
ഈ പംക്തിയിലൂടെ ഇതുവരെ പറഞ്ഞുവന്നത്. അപ്പോഴെല്ലാം പാശ്ചാത്യമോ പൌരസ്ത്യമോ ആയ സാംസ്കാരിക രൂപങ്ങളില്‍ നിന്നും ചില ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ ഏതെങ്കിലും പ്രദേശത്തോടു ബന്ധപ്പെടുത്താതെ മതം, ശാസ്ത്രം എന്നീ രണ്ടുവലിയ ധാരകള്‍ക്കുള്ളിലെ വൈരുധ്യങ്ങളിലേയ്ക്കു വിരല്‍ ചൂണ്ടാനാണു എന്റെ ശ്രമം.ഒരു നിക്ഷ്പക്ഷ വീക്ഷണത്തില്‍ ശാസ്ത്രമെന്നത് യുക്തിയുടെ മേഖലയും മതമെന്നത് ഭക്തിയുടെ/വിശ്വാസത്തിന്റെ മേഖലയുമാണ്. എന്നാല്‍, എല്ലാ മതങ്ങളും ഒരിക്കല്ലെങ്കില്‍ മറ്റൊരിക്കല്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് യുക്തിയുടെ അടിത്തറയുണ്ടെന്നു വാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അടുത്തകാലത്തുണ്ടായ അത്തരത്തിലുള്ളൊരു വാദം സേതുസമുദ്രവുമായി ബന്ധപ്പെട്ടുള്ളതാണ്. നാസ നല്‍കിയ ഉപഗ്രഹചിത്രങ്ങളിലെ മണല്‍ത്തിട്ടകള്‍ ശ്രീരാമചന്ദ്രന്‍ ലങ്കയിലേക്ക് നിര്‍മ്മിച്ച പാലത്തിന്റെ അവശേഷിപ്പുകളാണെന്നായിരുന്നു വാദം. എന്നാല്‍ ഇവിടെ അതു ശരിയാണോ തെറ്റാണോയെന്നു ചര്‍ച്ചചെയ്യുന്നതിനുപകരം രസകരമായ ചില വൈരുധ്യങ്ങളെക്കുറിച്ചു പറയാം.
ഏറെക്കുറെ എല്ലാ മതവിശ്വാസികളും പൊതുവെ ദ്വന്ദങ്ങളില്‍ വിശ്വസിക്കുന്നവരാണ്. നന്മ/തിന്മ,ദൈവം/പിശാച്, സ്വര്‍ഗ്ഗം/നരകം, ഇരുട്ട്/വെളിച്ചം, മുകളില്‍/താഴെ, പകല്‍/രാത്രി, എന്നിങ്ങനെ എത്രവേണമെങ്കിലും ദ്വന്ദങ്ങളെ മതഗ്രന്ഥങ്ങളില്‍ നമുക്കു കാണാം. ഇതില്‍ ഒന്ന് നല്ലതും മറ്റേതു ചീത്തയുമായി ഗണിക്കപ്പെടുന്നു. ഇവയില്‍ നല്ലവയെ മാത്രമെടുത്താല്‍ സ്വര്‍ഗത്തിന്റേയും ചീത്തയെ എടുത്താല്‍ നരകത്തിന്റേയും ചിത്രം ലഭിക്കുന്നതായിക്കാണാം. ഇങ്ങനെ നോക്കുമ്പോള്‍ സ്വര്‍ഗം, മുകളിലുള്ള, നന്മനിറഞ്ഞ ദൈവത്തിന്റെ വെളിച്ചം നിറഞ്ഞ ഇടമാണ്. നരകമാകട്ടെ താഴെ, തിന്മയുടെ മൂര്‍ത്തീഭാവമായ പിശാചിന്റെ ഇരുട്ടുനിറഞ്ഞ ഇടമാണ് (അഗ്നി ഉണ്ടെങ്കില്‍ക്കൂടി).
മേല്‍പ്പറഞ്ഞ ദ്വന്ദങ്ങളെല്ലാംതന്നെ നമ്മുടെ ഭാഷയുടേയും ചിന്താരീതിയുടേയും പ്രത്യേകതകള്‍ക്കൊണ്ടുണ്ടായിട്ടുള്ളതാണ്. കൂടാതെ ദ്വന്ദങ്ങളിലുടെ (വാക്കുകളുടെ പരസ്പരബന്ധത്തിലൂടെ)യാണ് വാക്കുകള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നതെന്ന് സൊസ്സ്യൂറിനെപ്പോലുള്ള ഭാഷാപണ്ഡിതര്‍ പറഞ്ഞുവച്ചിട്ടുമുണ്ട്. ഇനിയാണ് എങ്ങിനെ മതങ്ങള്‍ ഉണ്ടായി എന്നു ചിന്തിക്കേണ്ടത്. ഭാഷ ഉള്ളിടത്തോളം കാലം ദ്വന്ദങ്ങള്‍ ചിന്തയെ സ്വാധീനിക്കാതിരിക്കുകയില്ല. അതിനാല്‍ തന്നെ ഇഹലോകത്തെക്കുറിച്ചു ചിന്തിച്ച മനുഷ്യര്‍ അതിന്റെ ദ്വന്ദമാകാന്‍ പറ്റിയ പരലോകത്തെക്കുറിച്ചു ആലോചിച്ചു. നശ്വരത തങ്ങളുടെ പ്രത്യകതയാണന്നു മനസ്സിലാക്കിയപ്പോള്‍ അനശ്വരനായ ഒരുവനെത്തേടി. തങ്ങള്‍ കണ്ടെതെല്ലാം മറ്റൊന്നില്‍ നിന്നുണ്ടാക്കപ്പെടുന്നുവെന്നു തോന്നിയ അവന്‍ തങ്ങളെ ആരുണ്ടാക്കിയെന്നു ചിന്തിച്ചു. ചിന്തവഴിമുട്ടിയപ്പോള്‍ തങ്ങള്‍ സൃഷ്ടിച്ച ദ്വന്ദങ്ങളിലേയ്ക്ക് കര്‍ത്തൃത്വം ഭരമേല്‍പ്പിച്ചു. അങ്ങിനെ പരലോകവാസിയും മരണമില്ലാത്തവനും അദൃശ്യനുമായൊരു ദൈവം സെമറ്റിക് മതങ്ങളില്‍ ഉണ്ടായി. ഇവിടെ മതവും യുക്തിയുടെ മാര്‍ഗം തന്നെയാണ് പിന്‍തുടരുന്നത്. എന്നാല്‍ അത് ഇടയ്ക്കുവച്ച് നിറുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ ദൈവത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് യുക്തിക്കുനിരക്കുന്ന ഒരു ഉത്തരം മതങ്ങള്‍ക്ക് പറയാനാവാതെ പോകുന്നു. ഉദാഹരണത്തിന് ബൈബിള്‍ ദൈവത്തെ ആദിയിലെ വചനമെന്നാണ് നിര്‍വചിക്കുന്നത്. ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യത്തിന് ഏതെങ്കിലും മതം വ്യക്തമായ ഉത്തരം നല്‍കുമെന്ന് തോന്നുന്നില്ല.
ശാസ്ത്രവും ഇത്തരത്തിലുള്ള ഒരു പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. യുക്തിയുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിന്റെ ഒരോരോ രഹസ്യങ്ങള്‍ ചുരുളഴിക്കുമ്പോളും അതെങ്ങിനെ ഉണ്ടായെന്ന പുതിയചോദ്യം ഉയരുന്നുണ്ട്. തന്മാത്രകളില്‍ നിന്നും ആറ്റങ്ങളിലേയ്ക്കും അവിടെ നിന്നു മറ്റുകണങ്ങളിലേയ്ക്കും എത്തുമ്പോളും യുക്തി ഇതേ ചോദ്യം അവശേഷിപ്പിക്കും. അതിനുവ്യക്തമായ(യുക്തിസഹമായ) ഒരു മറുപടിപറയാന്‍ ശാസ്ത്രത്തിന് ഒരു കാലത്തും കഴിയുകയില്ല. ഇനി അങ്ങിനെ വേണമെങ്കില്‍ യുക്തിയെ സ്വാധീനിക്കാത്ത ഒരു ഭാഷ കണ്ടെത്തേണ്ടിവരും - ദ്വന്ദങ്ങളില്ലാത്ത ഭാഷ.
ജിപ്പന്‍ പൊന്നാനിയില്‍ ഹൈസ്കൂള്‍ മാഷാണ്; ഒപ്പം സിബിഐ സിനിമകളില്‍ ഡോക്ടറല്‍ ഗവേഷണവും.
