May 10, 2009

മൂന്നു കല്ലും, മുപ്പതു വേവും.

പുതിയ ചില, വേറിട്ട ചിന്തകള്‍ പരിചയപ്പെടുത്തുന്ന പംക്തി.
കൂട്ടുകാര്‍ അഭിപ്രായങ്ങള്‍ പറയൂ. അതു ഈ 'ചിന്തകരെ' ഒരു പാടു സഹായിക്കും.
============

ഒരു പാട്ടുചിന്ത
പാശ്ചാത്യസംസ്കാരത്തെക്കുറിച്ചു പറയുമ്പോള്‍ വ്യക്തി/വ്യക്തിത്വം എന്നീ വാക്കുകള്‍ ഉപയോഗിക്കാതെ മുന്നോട്ടു പോകാനാകുമോ എന്നതു സംശയമാണ്. അത്രയ്ക്കുണ്ട് അവിടുത്തെ തത്വചിന്തയിലും സാഹിത്യത്തിലും കലയിലും സര്‍വ്വോപരി ജീവിതരീതിയിലും വ്യക്തിക്കുള്ള സ്ഥാനം. തത്വചിന്തകരായ ദക്കാര്‍ത്തെയും ഹെഗലും സാര്‍ത്രുമെല്ലോം വ്യക്തിയെ തങ്ങളുടെ ആശയങ്ങളുടെ കേന്ദ്രസ്ഥാനത്തു നിറുത്തിയതും മറ്റൊന്നുകൊണ്ടുമാവാന്‍ തരമില്ല. എന്നാല്‍ നമ്മുടെ നാട്ടിലേയ്ക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ വ്യക്തിയുടെ സ്ഥാനത്തു ചെറുസമൂഹങ്ങളാണുള്ളത്. അവയില്‍ ഒന്നാമത്തേത് കുടുംബം തന്നെയാണ്. പിന്നെ തറവാട്, സമുദായം, ജാതി, മതം തുടങ്ങിയ വലിയ രൂപങ്ങള്‍ വരുന്നു. ഈ രൂപങ്ങള്‍ക്കപ്പുറമുള്ള ഒരു നിലനില്പ് വ്യക്തിക്ക് തീര്‍ത്തും ദുഷ്കരമാണ്. എന്നാല്‍ അങ്ങിനെ സ്വേച്ഛയ്ക്കു ജീവിക്കുന്നവരാകട്ടെ താന്തോന്നികളും തലതെറിച്ചവരുമായാണ് കണക്കാക്കപ്പെടുക. കേരളത്തില്‍ തന്നെ നിലവിലുള്ള(ഉണ്ടായിരുന്ന ?) 'പടിയടച്ചുപിണ്ഠം വയ്ക്കലും', 'ഊരു വിലക്ക'ലുമെല്ലാം ഇത്തരത്തിലുള്ള 'വഴിതെറ്റിയവരെ' കൂച്ചുവിലങ്ങിടാനുള്ള തന്ത്രങ്ങളാണ്. ഇവ കടന്നുകയറുന്നതാകട്ടെ വ്യക്തിയുടെ സ്വയംനിര്‍ണയാവകാശങ്ങള്‍ക്കുമേലും. എന്നാല്‍ ഈ സംസ്കാരങ്ങളെ കുറിച്ച് ഒന്നു പഠിച്ചാലോ, രസകരമായ ചില വൈരുദ്ധ്യങ്ങള്‍ കണ്ടെന്നും വരാം. അത്തരത്തിലുള്ള ഒന്നാണിവടെ സൂചിപ്പിക്കുന്നത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന സംഗീതശാഖകളാണ് പാശ്ചാത്യ പൌരസ്ത്യ(ഇവിടെ ഉദ്ദേശിക്കുന്നത് ഭാരതീയ ശാസ്‍ത്രീയ സംഗീതശാഖകളായ ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് എന്നിവയാണ്) ക്ലാസിക്കല്‍ സംഗീതം. ഇവയില്‍ ആദ്യത്തേത് സംഗീതജ്ഞന്‍ മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ സ്വരതാളക്രമങ്ങള്‍ ഉപയോഗിച്ചുള്ളതാണ്. ഇവിടെ വാദകരെല്ലാം സംഗീതഉപകരണങ്ങള്‍ വായിക്കുന്നത് സംഗീതകൃതിയിലെ ചിഹ്നങ്ങള്‍ നോക്കി അവയ്ക്കു ഒരോ മാത്രയിലും നല്‍കേണ്ട ഭാവങ്ങളും താളവും അലങ്കാരങ്ങളും മനസ്സിലാക്കിയാണ്. ഒരു സംഗീതസംവിധായകന്റെ മേല്‍നോട്ടത്തിലാണ് അവതരണമെങ്കില്‍ അയാള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍കൂടി കണക്കിലെടുക്കുന്നു. അങ്ങിനെനോക്കുമ്പോള്‍ പാശ്ചാത്യസംഗീതത്തിലെ വാദകനെന്നത് മുന്‍കൂട്ടി നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന ഒരു യന്ത്രം മാത്രമായിത്തീരുന്നു. താന്‍ സൃഷ്ടിക്കുന്ന നാദപ്രപഞ്ചത്തില്‍ അയാളുടെ വ്യക്തിപരമായ സംഭാവനയെന്നത് നാമമാത്രമാകുന്നു. വലിയൊരു ഓര്‍ക്കെസ്ട്രയുടെ ഭാഗമാണ് താനെങ്കില്‍ അധികമായൊരു സ്വരം പോലും പുറപ്പെടുവിക്കാന്‍ അയാള്‍ക്കവകാശമുണ്ടായിരിക്കുന്നതല്ല. വ്യക്തികേന്ദ്രീകൃതമായ ഒരു സംസ്കാരത്തിലെ വ്യക്തിവിരുദ്ധമായ സംഗീതാലാപനശൈലി കൌതുകകരമായിത്തോന്നുന്നില്ലേ? ഈ രീതിക്ക് പലകാരണങ്ങളുണ്ടാകാം. അതിലൊന്ന് പാശ്ചാത്യം സംഗീതത്തിന്റെ പ്രധാനപ്രത്യേകതയായ സ്വരമേളം (Harmony) ആണ്. സ്വരമേളമുണ്ടാക്കണമെങ്കില്‍ ഒരോ വാദകനും ഒരു നിശ്ചിതസ്വരം തന്നെപ്പുറപ്പെടുവിക്കേണ്ടിവരും. അങ്ങിനെ വരുമ്പോള്‍ ഇവിടെ മനോധര്‍മ്മസംഗീതം അനഭിലഷണീയമായിത്തീരുകയാണ് ചെയ്യുന്നത്.

ഭാരതീയ സംഗീതം ഈണത്തില്‍ (Melody) ഊന്നിയതായതുകൊണ്ട് ഗായകന്റെ ഇഷ്ടത്തിനനുസരിച്ച് രാഗങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചില പരീക്ഷണങ്ങള്‍ സാദ്ധ്യമാണ്. മുന്‍പ് രചിക്കപ്പെട്ട കൃതികളുടെ കാര്യത്തിലും സ്വന്തം ശൈലി സ്വീകരിക്കാന്‍ നമ്മുടെ സംഗീതം അനുവദിക്കുന്നുണ്ട്. കൂടാതെ പക്കമേളക്കാര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നു. പാശ്ചാത്യസംഗീതത്തിന്റേതുപോലെ സംസ്കാരത്തിന്റെ അടിസ്ഥാനഗുണത്തെ നിരാകരിക്കുവാന്‍ ഭാരതീയസംഗീതത്തിനും സാധിക്കുന്നതായിക്കാണാം. അതുകൊണ്ടാണല്ലോ ഒരുകൂട്ടമാക്കി നിറുത്താതെ വ്യക്തിപരമായ ഗുണങ്ങള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ സംഗീതം ഈ രണ്ടു സംസ്കാരങ്ങളിലും സംഗീജ്ഞര്‍ക്ക് ഒരു അപരിചിത ലോകം തുറന്നുകൊടുക്കുന്നുവെന്നു പറയാം.


ജിപ്പന്‍
പൊന്നാനിയില്‍ ഹൈസ്കൂള്‍ മാഷാണ് . ഒപ്പം സി ബി ഐ സിനിമകളില്‍ ഡോക്ടറല്‍ ഗവേഷണവും.